കോമണ്‍വെല്‍ത്ത് ഗെയിംസില്‍  ചരിത്രം കുറിച്ച എല്‍ദോസ് പോളിനും അബ്ദുള്ള അബൂബക്കറിനും അഭിനന്ദന പ്രവാഹം. എക്കാലവും നിലനില്‍ക്കുന്ന അഭിമാനനേട്ടമാണ് ഇരുവരും നേടിയതെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു. 

എല്‍ദോസ് പോളിന്‍റെ സമർപ്പണം പ്രശംസനീയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.   ട്രിപ്പിള്‍ ജംപ് മത്സരം ചരിത്രപരം, ഇന്ത്യയുടെ താരങ്ങള്‍ കാഴ്ചവെച്ചത് മികച്ച പ്രകടനമാണ്. കഠിനാധ്വാനത്തിന്‍റേയും പ്രതിബദ്ധതയുടെയും ഫലമാണ് അബ്ദുള്ള അബൂബക്കറിന്‍റെ വെള്ളി മെഡലെന്നും  പ്രധാനമന്ത്രി പറഞ്ഞു.  

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഹർദീപ് സിങ് പുരി, കിരണ്‍ റിജിജു എന്നിവരും എല്‍ദോസിനെയും അബ്ദുള്ളയേയും അഭിനന്ദിച്ചു. അത്‍ലറ്റിക്സിന് ചരിത്ര നിമിഷമെന്നായിരുന്നു അത്‍ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രതികരണം. രാജ്യത്തിന് അഭിമാന നിമിഷമെന്ന് എല്‍ദോസിന്‍റെയും അബ്ദുള്ളയുടെയും പ്രകടനത്തെ അഭിനന്ദിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയും ട്വീറ്റ് ചെയ്തു. എല്‍ദോസിന്‍റേയെും അബ്ദുള്ളയുടെയും പ്രകടനം ഇന്ത്യക്ക് അഭിമാനകരമെന്നാണ്   മമത ബാനർജി ട്വീറ്റ് ചെയ്തത്.

കേരളത്തിന്റെ ചുണക്കുട്ടികൾക്ക് അഭിനന്ദനം എന്ന് കായികതാരം രഞ്ജിത്ത് മഹേശ്വരി പ്രതികരിച്ചു. നിർണായക വേദിയിൽ പുറത്തെടുത്തത് സൂപ്പർ പെർഫോമൻസ് ആണെന്നും ട്രിപ്പിള്‍ ജംപറായ രഞ്ജിത്ത് മഹേശ്വരി ഇരുവരെയും അഭിനന്ദിച്ച് പറഞ്ഞു.