സെന്റ് കിറ്റ്‌സ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ (WI vs IND) മൂന്നാം ടി20ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ (Sanju Samson) ഉള്‍പ്പെടുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പ്ലയിംഗ്് ഇലവന്‍ പുറത്തുവന്നപ്പോള്‍ താരം ടീമിലില്ല. ഒരുമാറ്റം മാത്രമാണ് ഇന്ത്യ വരുത്തിയത്. രവീന്ദ്ര ജഡേജയ്ക്ക് പകരം ദീപക് ഹൂഡ (Deepak Hooda) ടീമിലെത്തി. മോശം ഫോമിലുള്ള ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരെല്ലാം സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു. ശ്രേയസിനെ ഇറക്കുന്നതിന്റെ യുക്തി ചോദ്യം ചെയ്യുന്നതിനിടെയാണ് വീണ്ടും അവസരം നല്‍കിയിരിക്കുന്നത്. 

ആദ്യ ടി20യില്‍ റണ്‍സെടുക്കാതെ പുറത്തായ താരം രണ്ടാം ടി20യില്‍ 10 റണ്‍സ് മാത്രമാണ് നേടിയത്. എന്നാല്‍ മൂന്നാം ടി20യില്‍ സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു. സഞ്ജുവിനെ കൂടാതെ ഇഷാന്‍ കിഷനും അവസരം ലഭിച്ചില്ല. അതോടെ സൂര്യകുമാര്‍ യാദവോ അല്ലെങ്കില്‍ റിഷഭ് പന്തോ ഓപ്പണറായേക്കും. ഓപ്പണറായി കളിക്കാറുള്ള സഞ്ജുവിനേയും ഇഷാനേയും പുറത്താക്കിയത് ആരാകരെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. ട്വിറ്ററില്‍ അവര്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്യുന്നു.