എടപ്പാൾ: ടെറസിനുമുകളിലായിരുന്ന അനിയൻ കൺമുന്നിലതാ, കാൽവഴുതി താഴേയ്ക്ക് വീഴുന്നു. താഴെനിന്ന ഏട്ടനുമുന്നിൽ പാഴാക്കാനില്ല സമയം. ഒരുനിമിഷം, അയാൾ കുതിച്ചു, അനിയന് രക്ഷാ കരങ്ങളുമായി. നീട്ടിപ്പിടിച്ച ഏട്ടന്റെ കൈകളിൽ അനിയനു പുനർജന്മം.

ടെറസിൽനിന്ന് കാൽവഴുതി താഴേക്കുവീണ യുവാവിനാണ് ജ്യേഷ്ഠന്റെ കൈകൾ രക്ഷയായത്. ചങ്ങരംകുളം ഒതളൂർ കുറുപ്പത്ത് വീട്ടിൽ ഷഫീഖിനെയാണ് താഴെനിന്ന സഹോദരൻ സാദിഖ് കൈകളിൽ കോരിയെടുത്തു രക്ഷിച്ചത്.

വീട് വൃത്തിയാക്കാനായി കയറിയതായിരുന്നു ഇദ്ദേഹം. മുകളിലെ ജോലിക്കിടയിൽ കാൽവഴുതി താഴേക്കുവീണു. ഇതേസമയം മുറ്റത്തുനിന്ന് ടെറസിലേക്ക് പൈപ്പിലൂടെ വെള്ളമെത്തിച്ചു നൽകുകയായിരുന്നു സഹോദരൻ സാദിഖ്. ഷഫീഖ് വീഴുന്നത് ഇദ്ദേഹം കണ്ടു. ഉടൻതന്നെ പൈപ്പ് വലിച്ചെറിഞ്ഞ്, ഓടിയെത്തി, താഴേക്കുവന്ന ഷഫീഖിനെ രണ്ടു കൈകളിലുംകൂടി താങ്ങിയെടുത്തു. ഇരുവരും മുറ്റത്ത് വീണു.

സഹോദരന്റെ കൈത്താങ്ങിൽ ഷഫീഖിന് ഒരു പരിക്കുമേറ്റില്ല. അതേസമയം ഇദ്ദേഹത്തിന്റെ ഭാരത്തോടൊപ്പം അടിയിൽ കുടുങ്ങിയ സാദിഖിന് അൽപ്പസമയത്തേക്ക് എഴുന്നേൽക്കാൻ വയ്യാതായി. കുറേസമയം അവിടെത്തന്നെ കിടന്ന സാദിഖ് സംഭവത്തിന്റെ ഞെട്ടലിൽനിന്ന് മുക്തനായി മെല്ലെ എഴുന്നേറ്റ് കുറച്ചുദൂരം നടന്നും ഓടിയുമെല്ലാമാണ് സാധാരണനിലയിലേക്കു തിരിച്ചുവന്നത്. വീട്ടിനകത്തുണ്ടായിരുന്ന കുടുംബാംഗങ്ങളെല്ലാം പുറത്തേക്ക് ഓടിയെത്തിയെങ്കിലും അപ്പോഴേക്കും വീഴ്ചയും രക്ഷിക്കലുമെല്ലാം കഴിഞ്ഞിരുന്നു.