ഈ മാസം ആദ്യമാണ് ഹൈദരാബാദിൽ ബി.ജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗം ചേർന്നത്. സുപ്രധാനമായ തീരുമാനങ്ങളാണ് യോഗത്തിൽ ​കൈക്കൊണ്ടത്. വരുന്ന നാല് പതിറ്റാണ്ട് കൂടി ബി.ജെ.പി ഇന്ത്യ ഭരിക്കുമെന്നും ദക്ഷിണേന്ത്യ അടക്കിവാഴും എന്നുമാണ് യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്. അതേസമയം, സുപ്രധാനമായ ഒരു ചോദ്യം യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉയർത്തിയതായി ഇപ്പോൾ വാർത്തകൾ പുറത്തുവരുന്നു. രാജ്യത്തെ ബി.ജെ.പിയുടെ ഒ.ബി.സി മോർച്ചയിൽ എത്ര മുസ്‍ലിം അംഗങ്ങൾ ഉണ്ട് എന്നായിരുന്നു മോദിയുടെ ചോദ്യം.

പാർട്ടി ടിക്കറ്റിൽ ഒരൊറ്റ മുസ്‍ലിമിനെയും മത്സരിപ്പിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുകയും കേന്ദ്ര കാബിനറ്റംഗമായ മുഖ്താർ അബ്ബാസ് നഖ്‍വി എന്ന മുസ്‍ലിം നാമധാരിക്ക് രാജ്യസഭയിൽ ഇനിയൊരവസരം നൽകാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ച പാർട്ടിയുടെ പ്രധാനമന്ത്രിയാണ് ഇങ്ങനെ ഒരു ചോദ്യം ഉയർത്തിയത്. രാജ്യത്തിന്റെ ഭരണചക്രത്തിന്റെ അടുത്ത ഘട്ടത്തിൽ ബി.ജെ.പിയും ആർ.എസ്എസും എനതാണ് ലക്ഷ്യംവെക്കുന്നത് എന്നതിന്റെ കൂടി സൂചനയാണ് മോദിയുടെ ഈ ചോദ്യം. ഒ.ബി.സി മോർച്ചയിലെ മുസ്‍ലിംകളുടെ എണ്ണം എടുക്കുക മാത്രമല്ല മോദി ചെയ്തത്, ഉത്ത​രേന്ത്യയിലെ മുസ്‍ലിംകൾക്കിടയിലെ പിന്നാക്ക വിഭാഗമായ പസ്മന്ദ മുസ്‍ലിംകളെ പാർട്ടിയോട് അടുപ്പിക്കണം എന്നും മോദി പ്രവർത്തകരോട് ആവശ്യപ്പെട്ടു.

യു.പി, ബീഹാർ അടക്കമുള്ള സംസ്ഥാനങ്ങളിൽ ഇറച്ചിവെട്ട് അടക്കമുള്ള ചെറുകിട തൊഴിലുകൾ ​ചെയ്യുന്ന മുസ്‍ലിം പിന്നാക്ക വിഭാഗമാണ് പസ്മന്ദകൾ. ഉത്തരേന്ത്യയിൽ ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണങ്ങൾക്ക് ഏറ്റവും കൂടുതൽ ഇരയാക്കപ്പെടുന്നതും ഇക്കൂട്ടരാണ്. ഗോവധം ആരോപിച്ച് ഹിന്ദുത്വ തീവ്രവാദികൾ നിരന്തരം ലക്ഷ്യംവെക്കുന്നത് ഇവരെയാണെന്നതും വിസ്മരിച്ചുകൂടാ. ഈ വിഭാഗത്തെ ന്യൂനപക്ഷ മോർച്ചയിൽ എത്തിക്കണം എന്നാണ് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടിരിക്കുന്നത്.