ന്യൂഡൽഹി: വിലക്ക് മറികടന്ന് വിലക്കയറ്റത്തിനെതിരേ പാർലമെന്റിൽ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ച നാല് എം.എപിമാരെ ലോക്സഭയിൽ നിന്ന് സ്പീക്കർ ഓം ബിർല സസ്പെൻഡ് ചെയ്തു.

കോൺഗ്രസ് എം.പിമാരായ രമ്യാ ഹരിദാസ്, ടി.എൻ പ്രതാപൻ, മാണിക്കം ടാഗോർ, ജ്യോതി മണി എന്നിവരെയാണ് പാർലമെന്റ സമ്മേളനം കഴിയുന്നത് വരെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷന് ശേഷം ഇവർ പുറത്ത് കടന്ന് ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. 

വിഷയത്തിൽ ഉച്ചയ്ക്ക് ചർച്ചയാവാമെന്ന് സ്പീക്കർ അറിയിച്ചിരുന്നുവെങ്കിലും എം.പിമാർ വീണ്ടും പ്രതിഷേധിക്കുകയായിരുന്നു. തുടർന്നാണ് പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിക്കണമെങ്കിൽ പുറത്തുപോവണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടത്. പ്രതിഷേധത്തെ തുടർന്ന് സഭാ നടപടികൾ നിർത്തിവെച്ചു.

ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശേഷം സഭ പുനരാരംഭിച്ചപ്പോൾ പ്രതിപക്ഷ എം.പിമാർ പ്ലക്കാർഡുകളുമായി തിരിച്ചെത്തുകയായിരുന്നു. പ്ലക്കാർഡുകളുമായി സഭയിലെത്തിയ എംപിമാർക്കെതിരേ നടപടിയെടുക്കണമെന്ന് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷിയാണ് സ്പീക്കറോട് ആവശ്യപ്പെട്ടത്. 

രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി പാർലമെന്റ് നടപടിക്രമങ്ങൾ മുന്നോട്ട് പോവേണ്ടതുണ്ട്. പക്ഷെ ഇതുപോലെ പോവാൻ പറ്റില്ല. ഇത്തരം സാഹചര്യം തനിക്ക് അനുവദിക്കാനാവില്ലെന്നും സ്പീക്കർ വ്യക്തമാക്കി.