തിരുവനന്തപുരം; മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീ റാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.കളങ്കിതനായ വ്യക്തിയുടെ നിയമനം അംഗീകരിക്കാനാവില്ലെന്ന് കെ പി സി സി ജനറൽ സെക്രട്ടറി എ എ ഷുക്കൂർ വ്യക്തമാക്കി.അദ്ദേഹം ചെയ്ത കാര്യങ്ങൾ ജനമനസുകളിൽ നീറിനിൽക്കുന്നുണ്ട്.ഈ നിയമനം എന്ത് താല്പര്യത്തിന്‍റെ അടിസ്ഥാനത്തിൽ ആണെങ്കിലും പിൻവലിക്കണം.സമരത്തിലേക്ക് പോകണമോ എന്ന് പാർട്ടി തലത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ഷുക്കൂർ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.

‘ശ്രീറാം വെങ്കിട്ടരാമനെ കളക്ടറാക്കിയത് വേദനയുണ്ടാക്കുന്നു’, വിമര്‍ശനവുമായി സലീം മടവൂര്‍

ആരോഗ്യവകുപ്പ് ജോയിന്‍റ് സെക്രട്ടറിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതില്‍ വിമര്‍ശനവുമായി ലോക് താന്ത്രിക് ജനതാദൾ നേതാവ് സലീം മടവൂര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സലീം മടവൂരിന്‍റെ പ്രതികരണം. ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ടത്. ബഷീറിൻ്റെ കുടുംബത്തോട്  പരസ്യമായി മാപ്പു പറയാൻ പോലും അഹങ്കാരം അനുവദിക്കാത്ത ശ്രീറാമിനെ ജില്ലാ കളക്ടറാക്കിയെന്ന വാർത്ത വേദനിപ്പിക്കുന്നെന്നാണ് സലീം മടവൂരിന്‍റെ പോസ്റ്റില്‍ പറയുന്നത്. “അറേബ്യയിലെ മുഴുവൻ സുഗന്ധദ്രവ്യങ്ങളും ഉപയോഗിച്ചാലും ഈ കൈകൾ മധുരതരമാകില്ല” (ലേഡി മാക്ബത്ത്). ശ്രീറാം വെങ്കട്ടറാമിന് കൊടുക്കാൻ പറ്റിയ കസേരകൾ കേരളത്തിൽ വേറെ ധാരാളമുണ്ട്. ചുരുങ്ങിയത് ബഷീറിൻ്റെ കുടുംബത്തോട്  പരസ്യമായി മാപ്പു പറയാൻ പോലും അഹങ്കാരം അനുവദിക്കാത്ത ഇവനെ ജില്ലാ കലക്ടറാക്കിയെന്ന വാർത്ത വേദനിപ്പിക്കുന്നു”.- സലീം മടവൂരിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.