ത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ(National Film Awards) പ്രഖ്യാപിച്ചപ്പോൾ മലയാള സിനിമയ്ക്ക് പത്തരമാറ്റിന്റെ തിളക്കം. കൊവിഡ് കാലത്തിനിടയിൽ ഒടിടിയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ സൂരറൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയായി തെരഞ്ഞെടുത്തത് മലയാളികളുടെ പ്രിയ നടി അപർണ ബാലമുരളിയെ ആണ്. ബൊമ്മി എന്ന കഥാപാത്രത്തെ തനിമ ഒട്ടും ചോരാതവണ്ണം അതിമനോ​ഹരമായി പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ അപർണക്ക് സാധിച്ചിരുന്നു. അത് തന്നെയാണ് ദേശീയ പുരസ്കാരത്തിന് താരത്തെ അർഹയാക്കിയതും.  

എയര്‍ ഡെക്കാന്‍ സ്ഥാപകനും ഇന്ത്യന്‍ ആര്‍മിയിലെ മുന്‍ ക്യാപ്റ്റനുമായ ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സൂരറൈ പോട്ര് ഒരുക്കിയത്. സുധാ കൊങ്കരയായിരുന്നു സംവിധായിക. . ഏറെക്കാലത്തിനു ശേഷം പ്രേക്ഷകര്‍ ഏറ്റെടുത്ത സൂര്യ ചിത്രം കൂടിയായിരുന്നു സൂരറൈ പോട്ര്. ഉര്‍വ്വശിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 

അസാധ്യമെന്ന് തോന്നിപ്പിക്കുന്ന വലിയ സ്വപ്നത്തിന് പിന്നാലെയുള്ള ക്യാപ്റ്റന്‍ ഗോപിനാഥന്‍റെ യാത്രയിലുടനീളം താങ്ങായി നിന്നത് ഭാര്യ ഭാര്‍ഗവി ഗോപിനാഥ്(ബൊമ്മി) ആണ്. ‘ബണ്‍ വേള്‍ഡ് അയ്യങ്കാര്‍ ബേക്കറി‘ എന്ന പേരില്‍ സ്വന്തമായൊരു ബേക്കറി തുടങ്ങുകയും അതിനെ വലിയൊരു സംരംഭമായി കൊണ്ടുവന്ന ഭാര്‍ഗവി, ഗോപിനാഥിന്‍റെ ജീവിതത്തില്‍ പകര്‍ന്ന കരുത്ത് ചെറുതൊന്നുമല്ലയിരുന്നു. ഈ കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ച് കയ്യടി നേടാൻ അപർണ്ണക്ക് സാധിച്ചിരുന്നു. 

സുരരൈ പോട്ര് സിനിമ കണ്ട് ഒത്തിരി പേര്‍ വിളിച്ചിരുന്നുവെന്നും മികച്ച ഒരു സിനിമയുടെ  ഭാഗമാക്കാന്‍ കഴിഞ്ഞതില്‍ ഒത്തിരി അഭിമാനം ഉണ്ടെന്നും അപര്‍ണ പറഞ്ഞു. സംവിധായക സുധാ കൊങ്കാരയ്ക്ക് ഉള്‍പ്പടെ തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി’ എന്നാണ് അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ അപർണ്ണ പ്രതികരിച്ചത്.