ലണ്ടൻ: ഇംഗ്ലണ്ടിന്റെ കൗണ്ടി ക്രിക്കറ്റ് ചാംപ്യൻഷിപ്പിൽ തകർപ്പൻ ബാറ്റിങ് പ്രകടനവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ചേതേശ്വർ പൂജാര. സസെക‍്സിനായി കളിക്കുന്ന താരം ഇരട്ട സെഞ്ചറി തികച്ചു. ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽനടന്ന മിഡിൽസെക്സിനെതിരായ മത്സരത്തിൽ‌ പൂജാര 403 പന്തിൽ 231 റൺസെടുത്താണു പുറത്തായത്. നിറഞ്ഞ കയ്യടികളോടെയാണ് ഇംഗ്ലിഷ് താരങ്ങളും ആരാധകരും പൂജാരയുടെ പ്രകടനത്തെ വരവേറ്റത്.

പൂജാരയുടെ കൗണ്ടി സീസണിലെ മൂന്നാമത് ഇരട്ട സെഞ്ചറിയാണ് മിഡിൽസെക്സിനെതിരെ നേടിയത്. ലോഡ്സ് സ്റ്റേ‍ിയത്തിൽ മിഡിൽസെക്സിനെതിരെ ഇരട്ട സെഞ്ചുറി നേടുന്ന സസെക്സിന്റെ ആദ്യ ഇന്ത്യന്‍ താരമാണു പൂജാര. ഇംഗ്ലണ്ടിലെ കടുത്ത ചൂടിൽ ഒൻപത് മണിക്കൂറാണു പൂജാര ബാറ്റു ചെയ്തത്. ടോസ് നേടിയ മിഡില്‍സെക്സ് സസെക്സിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു.

തുടക്കത്തിൽ തന്നെ അലി ഓറിനെ നഷ്ടമായ സസെക്സിനെ പൂജാരയും ഇംഗ്ലിഷ് താരം ടോം അസ്‍ലോപ്പും ചേർന്നാണു രക്ഷപെടുത്തിയത്. ആദ്യ ദിനം സെഞ്ചറി തികച്ച പൂജാര (115) രണ്ടാം ദിനം അത് ഇരട്ട സെ‍ഞ്ചറിയാക്കി മാറ്റി. 21 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു പൂജാരയുടെ ഇന്നിങ്സ്.

ടോം ഹെലമിന്റെ പന്തിൽ സ്റ്റോൺമാൻ ക്യാച്ചെടുത്താണു പൂജാര പുറത്തായത്. ആദ്യ ഇന്നിങ്സിൽ സസെക്സ് 523 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ മിഡിൽസെക്സ് വിക്കറ്റ് പോകാതെ 103 റൺസെടുത്തിട്ടുണ്ട്.