ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഉത്തര്‍പ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത ഏഴു കേസുകളിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ വാദിച്ചെങ്കിലും ഈ ആവശ്യം കോടതി തള്ളുകയായിരുന്നു. സുബൈറിനെ തുടര്‍ച്ചായായി കസ്റ്റഡിയില്‍ വെക്കുന്നത് ന്യായീകരിക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

സുബൈറിന് എതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ കേസുകളും ഡല്‍ഹിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. അറസ്റ്റ് ചെയ്യാനുള്ള പൊലീസിന്റെ അധികാരം മിതമായി പ്രയോഗിക്കണമെന്നും കോടതി പറഞ്ഞു. ഇന്ന ആറ് മണിക്ക് മുമ്പ് സുബൈറിനെ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്നും തിഹാര്‍ ജയില്‍ സൂപ്രണ്ട് ഇക്കാര്യം ഉറപ്പുവരുത്തണമെന്നും കോടതി ഉത്തരവിട്ടു.

ജാമ്യത്തിനായി സുബൈര്‍ 20,000രൂപ കെട്ടിവയ്ക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. മുഹമ്മദ് സുബൈര്‍ മാധ്യമപ്രവര്‍ത്തകന്‍ അല്ലെന്ന് യുപി് സര്‍ക്കാര്‍ വാദിച്ചു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്ന കണ്ടന്റുകള്‍ക്ക് പണം വാങ്ങിയിരുന്നെന്നും ഇക്കാര്യംസുബൈര്‍ സമ്മതിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

സുബൈര്‍ ഇനി ട്വീറ്റ് ചെയ്യരുതെന്ന ജാമ്യ വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ഒരു മാധ്യമ പ്രവര്‍ത്തകനോട് എഴുതാതിരിക്കണം എന്ന് പറയാന്‍ എങ്ങനെ സാധിക്കും എന്ന് കോടതി ചോദിച്ചു. സീതാപൂര്‍, ലഖിംപൂര്‍ ഖേരി, ഹാത്രസ്, ഗാസിയാബാദ്, മുസഫര്‍ നഗര്‍ എന്നിവിടങ്ങളിലായാണ് സുബൈറിനെതിരെയുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.