കാക്കനാട്:ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാതെ വാഹനമോടിച്ച് പിടിച്ചാൽ പിഴ അടച്ചു രക്ഷപ്പെടാമെന്ന് വിചാരിക്കേണ്ട. 500 രൂപ ഫൈൻ വാങ്ങിവിടുന്ന പതിവു രീതിക്കു പകരം ഡ്രൈവറുടെ ലൈസൻസ് കൂടി സസ്പെൻഡ് ചെയ്യാനാണ് മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം.

അപകടങ്ങൾക്കു കാരണമാകുന്ന നിയമലംഘനങ്ങൾക്കു ലൈസൻസ് സസ്പെൻഡ് ചെയ്യണമെന്ന് സുപ്രീം കോടതി സമിതി ശുപാർശ ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണു ഹെൽമെറ്റും സീറ്റ് ബെൽറ്റും ഇല്ലാത്തവരുടെ ലൈസൻസ് തെറിപ്പിക്കാൻ തീരുമാനിച്ചത്.

ജില്ലയിൽ ഹെൽമറ്റും സീറ്റ് ബെൽറ്റും ഇടാതെ വണ്ടിയോടിച്ചതിന് മാർച്ച് മുതൽ ജൂൺവരെ 48 പേരുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. മൂന്നു മുതൽ ആറുമാസം വരെയാണ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത്.

അമിതവേഗം, അമിതഭാരം, ചുവപ്പു സിഗ്നൽ ലംഘനം, മദ്യപിച്ച് വാഹനമോടിക്കൽ, അശ്രദ്ധമായി ഓടിച്ച് അപകടമുണ്ടാക്കൽ, ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗം തുടങ്ങിയ കുറ്റങ്ങൾക്കാണ് ആർ.ടി.ഒ. ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നത്. ലൈസൻസ് സസ്പെൻഡ് ചെയ്തകാലത്ത് വാഹനം ഉപയോഗിച്ചാൽ ലൈസൻസ് റദ്ദാക്കും.