ഓവല്‍: ഏകദിന ക്രിക്കറ്റില്‍ 250 സിക്സറുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി ഓപ്പണർ രോഹിത് ശർമ്മ(Rohit Sharma). ഇംഗ്ലണ്ടിനെതിരായ ഓവല്‍ ഏകദിനത്തിലാണ്(ENG vs IND 1st ODI) ഹിറ്റ്മാന്‍റെ(Hitman) നേട്ടം. തന്‍റെ 231-ാം മത്സരത്തിലാണ് രോഹിത് നേട്ടത്തിലെത്തിയത്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടിയവരിലും 250 സിക്സുകള്‍ തികച്ചവരിലും നാലാമനാണ് രോഹിത്. പാകിസ്ഥാന്‍റെ ഷാഹിദ് അഫ്രീദി(351), വിന്‍ഡീസിന്‍റെ ക്രിസ് ഗെയ്ല്‍(331), ലങ്കയുടെ സനത് ജയസൂര്യ(270) എന്നിവരാണ് രോഹിത് ശർമ്മയ്ക്ക് മുന്നിലുള്ളത്. 

പേസർമാരായ ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും പന്തുകൊണ്ടും ഓപ്പണർമാരായ രോഹിത് ശർമ്മയും ശിഖർ ധവാനും ബാറ്റുകൊണ്ടും മറുപടി നല്‍കിയപ്പോള്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 10 വിക്കറ്റിന് വിജയിച്ചിരുന്നു. ഓവലിലെ ഇംഗ്ലണ്ടിന്‍റെ 110 റണ്‍സ് പിന്തുടർന്ന ഇന്ത്യ 18.4 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാകാതെ ജയത്തിലെത്തി. രോഹിത് 58 പന്തില്‍ 76* ഉം ധവാന്‍ 54 പന്തില്‍ 31* ഉം റണ്ണുമായി പുറത്താകാതെ നിന്നു. നേരത്തെ ബൗളിംഗില്‍ ബുമ്ര ആറും ഷമി മൂന്നും വിക്കറ്റ് വീഴ്ത്തിയിരുന്നു. സ്കോർ: ഇംഗ്ലണ്ട്- 110 (25.2), ഇന്ത്യ- 114/0 (18.4).