തിരുവനന്തപുരം: ഷാജ് കിരണിനെ വിളിച്ചെന്ന് സ്വപ്ന സുരേഷ് ആരോപിച്ച എം.ആര്‍. അജിത് കുമാറിനെ വിജിലന്‍സ് മേധാവി സ്ഥാനത്തുനിന്ന് മാറ്റി. ഇതു സംബന്ധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പിന് നിര്‍ദേശം നല്‍കി. ഐ.ജി എച്ച്‌. വെങ്കിടേഷിനാണ്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തലുകളുടെ തുടര്‍ച്ചയായാണ് വിജിലന്‍സ് തലപ്പത്തെ മാറ്റം. സരിത്തിന്‍റെ കസ്റ്റഡിയെ കുറിച്ച്‌ എം.ആര്‍ അജിത് കുമാറുമായി ഫോണില്‍ സംസാരിച്ചെന്ന് ഷാജ് കിരണ്‍ പറഞ്ഞതായി സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിജിലൻസ് മേധാവി സ്ഥാനത്തുനിന്ന് എം.ആർ അജിത്ത് കുമാറിനെ മാറ്റിയത്.

വിജിലന്‍സ് മേധാവി എം ആര്‍ അജിത് കുമാര്‍, ലോ ആന്‍റ് ഓര്‍ഡര്‍ എഡിജിപി എന്നിവരുമായി ഷാജ് കിരണ്‍ നിരന്തരം സംസാരിച്ചെന്ന് സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. ഷാജ് കിരണുമായി ഫോണില്‍ സംസാരിച്ചെന്ന ആരോപണം എഡിജിപി വിജയ് സാഖറെ തള്ളിയിട്ടുണ്ട്. എന്നാല്‍ വിജിലന്‍സ് മേധാവി എം ആര്‍ അജിത് കുമാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ മൊഴി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഷാജ് കിരൺ സമീപിച്ച ശബ്ദ സന്ദേശം സ്വപ്ന സുരേഷ് പുറത്തുവിട്ടു. പിണറായിയുടെയും കോടിയേരിയുടെയും പണം യുഎസിലേക്ക് പോകുന്നത് ബിലീവേഴ്സ് ചർച്ച് വഴിയാണെന്ന് ഷാജ് കിരൺ പറയുന്നതും ശബ്ദരേഖയിലുണ്ട്. ഇതേത്തുടർന്നാണ് ബിലീവേഴ്സ് ചർച്ചിന്‍റെ എഫ്.സി.ആർ.എ റദ്ദായതെന്നും സ്വപ്ന പറയുന്നുണ്ട്. മുഖ്യമന്ത്രി ഉൾപ്പടെയുള്ളവരുടെ ബിനാമിയാണ് ഷാജ് കിരണെന്നും സ്വപ്ന ആരോപിക്കുന്നു. ഷാജ് കിരൺ ഡയറക്ടറായിട്ടുള്ള നിരവധി കമ്പനികളെ സംബന്ധിച്ചുള്ള രേഖകളും സ്വപ്ന സുരേഷ് മാധ്യമങ്ങൾക്ക് കൈമാറിയിട്ടുണ്ട്.

ആരോടാണ് കളിക്കുന്നതെന്ന് അറിയാമോയെന്നും മകളുടെ പേര് പറഞ്ഞാൽ അദ്ദേഹത്തിന് സഹിക്കില്ലെന്നും ഷാജ് കിരൺ പറയുന്നത് ശബ്ദരേഖയിലുണ്ട്. ‘സിനിമയിൽ കാണിക്കുന്ന പോലെ ഹീറോയിസം കാണിക്കാൻ ആണെങ്കിൽ അതൊന്നും നടക്കുന്ന കാര്യമല്ല. സത്യമിതാണ്, ഇവരൊന്നും റിയാലിറ്റിയിലേക്ക് വന്നിട്ടില്ല. ഈ ശിവശങ്കറിന് ശിക്ഷിക്കണം എന്നുണ്ടെങ്കിൽ നിങ്ങളേൽക്കുന്ന പീഡനം കൊണ്ട് എന്താണ് ഗുണം? നിങ്ങൾ അകത്ത് പോയി കിടന്നാൽ നിങ്ങളുടെ മക്കൾക്ക്, ഫാമിലിക്ക് എല്ലാം പ്രശ്നങ്ങളല്ലേ. എന്താണ് ഇതിന്റെ നേട്ടം?- ഷാജ് കിരൺ ചോദിക്കുന്നു.

‘അയാളെ ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്യട്ടെ. നിങ്ങൾ സ്ട്രഗിൾ ചെയ്യുന്നതിൽ നേട്ടമെന്താണ്. അല്ലെങ്കിൽ കീഴടങ്ങണം. കീഴടങ്ങണം എന്ന് പറഞ്ഞാൽ ഒരു എമൗണ്ട് വാങ്ങിക്കീഴടങ്ങണം’- ഷാജ് കിരൺ ശബ്ദരേഖയിൽ പറയുന്നു. ‘എല്ലാവരും പേടിച്ചു ഓടുകയാണ്.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ മൊഴി പിൻവലിച്ചില്ലെങ്കിൽ വീണ്ടും തടവറയിലാക്കുമെന്നും മകനെ കാണാൻ കഴിയാതെയാകുമെന്നും ഭീഷണിപ്പെടുത്തിയതായി സ്വപ്ന സുരേഷ് ആരോപിച്ചു. പാലക്കാട് എച്ച്ആർഡിഎസ് ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് സ്വപ്ന സുരേഷ് ശബ്ദരേഖ പുറത്തുവിട്ടത്.

ഷാജ് കിരണിനെ നേരത്തെ അറിയാമെന്നും ശിവശങ്കറാണ് പരിചയപ്പെടുത്തിയതെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ശിവശങ്കറിന്‍റെ പുസ്തകം പുറത്തിറങ്ങിയ വേളയിലാണ് പരിചയം പുതുക്കിയതെന്നും സ്വപ്ന പറഞ്ഞു. സരിത്തിനെ പൊക്കുമെന്ന് ഷാജ് കിരൺ പറഞ്ഞതിന്‍റെ പിറ്റേദിവസമാണ് സരിത്തിനെ തട്ടിക്കൊണ്ട് പോയത്. കളിക്കുന്നത് ആരോടാണെന്ന് അറിയാമോയെന്ന് ഷാജ് കിരൺ ഭീഷണിപ്പെടുത്തിയതായി സ്വപ്ന സുരേഷ് പറഞ്ഞു. വാടക ഗർഭധാരണത്തിന് തയ്യാറായത് പണത്തിന് വേണ്ടി ആയിരുന്നില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു.