തിരുവനന്തപുരം; വെള്ളിയാഴ്ചയാണ് നിർണായകമായ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വരിക. പോളിംഗ് കുറഞ്ഞതോടെ കണക്കുകൾ കൂട്ടിയും കുറച്ചും ഫലം തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. അതേസമയം ഇക്കുറിയും യുഡിഎഫ് തന്നെ മണ്ഡലം നിലനിർത്തുമെന്ന് പറയുകയാണ് യു ഡി എഫ് ജില്ലാ കണ്‍വീനര്‍ ഡൊമനിക് പ്രസന്റേഷന്‍. എന്നാൽ ഭൂരിപക്ഷം കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം.

ഈ തിരഞ്ഞെടുപ്പ് കൊണ്ട് സര്‍ക്കാര്‍ മാറുന്നില്ല. മറ്റു രാഷ്ട്രീയ മാറ്റങ്ങളൊന്നും ഉണ്ടാകുന്നില്ല എന്നതുകൊണ്ട് പലര്‍ക്കും വോട്ട് ചെയ്യാന്‍ താത്പര്യ കുറവുണ്ടായിട്ടുണ്ട്, ഡൊമനിക് പ്രസന്റേഷൻ പറഞ്ഞു. കഴിഞ്ഞ തവണ ട്വന്റി ട്വന്റിക്കും വിഫോറിനും പതിനായിരത്തോളം വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. അവരില്‍ പലരും വോട്ട് ചെയ്യാനെത്തിയിട്ടില്ലെന്നും ഡൊമനിക് പറഞ്ഞു. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും എത്തി കാടടക്കി നടത്തിയ പ്രചരണത്തിന്റെ ഫലമായി കുറച്ച് വോട്ടുകൾ മറഞ്ഞാലും 5000 മുതൽ 8000 വരെ വോട്ടുകൾക്ക് മുകളിൽ യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 14329 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു തൃക്കാക്കരയിൽ പി ടി തോമസ് വിജയിച്ചത്. കൊച്ചി കോര്‍പ്പറേഷനില്‍ യു ഡി എഫ് കേന്ദ്രങ്ങളിൽ പോളിംഗ് കുറഞ്ഞിട്ടുണ്ട്. എന്നാൽ കഴിഞ്ഞ തവണയും ഇവിടെ പോളിംഗ് കുറവായിരുന്നുവെന്നാണ് യു ഡിഎഫ് വാദം.

അതേസമയം ഇക്കുറി മണ്ഡലത്തിൽ സി പി എം സ്ഥാനാർത്ഥി ജോ ജോസഫ് അട്ടിമറി വിജയം നേടുമെന്ന് റണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ അവകാശപ്പെട്ടു. 4000 വോട്ടിന്റെയെങ്കിലും ഭൂരിപക്ഷത്തിൽ മണ്ഡലത്തിൽ ജയിക്കാൻ സാധിക്കുമെന്നും മോഹനൻ അവകാശപ്പെട്ടു. ട്വന്റി ഫോർ ന്യൂസ് ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളിൽ വലിയ നേട്ടം ഉണ്ടാക്കാൻ എൽ ഡി എഫിന് സാധിക്കും. പഴുതടച്ച സംഘടന പ്രവർത്തനമാണ് എൽ ഡി എഫ് നടത്തിയത്. പതിനായിരത്തിൽ അധികം വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്ന യു ഡി എഫ് അവകാശ വാദമൊക്കെ വൻ പൊട്ടത്തരമാണെന്നും മോഹനൻ പറഞ്ഞു. കഴിഞ്ഞതവണ 45 ശതമാനം വോട്ടുകളായിരുന്നു ഇടതുമുന്നണിക്ക് തൃക്കാക്കരയിൽ ലഭിച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെയും പ്രചാരണ പ്രവർത്തനങ്ങളുടെയും ഫലമായി പതിനഞ്ച് ശതമാനത്തോളം അധിക വോട്ടുകൾ ലഭിക്കുമെന്നാണ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്.