ദുബായ്: കുരങ്ങുപനി കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ക്വാറന്റീ്ന്‍ പ്രഖ്യാപിച്ച് യുഎഇ. കഴിഞ്ഞ ദിവസം മൂന്ന് പേര്‍ക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് സുരക്ഷാ-പ്രതിരോധ മാനദണ്ഡങ്ങള്‍ യുഎഇ പ്രഖ്യാപിച്ചത്. കുരങ്ങുപനി അടക്കമുള്ള വൈറസുകളെ എളുപ്പത്തില്‍ കണ്ടെത്താനുള്ള പരിശോധനാ സംവിധാനങ്ങള്‍ വ്യാപകമാക്കി അവയുടെ വ്യാപനം തടയാനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. സമ്പര്‍ക്ക രോഗികള്‍ക്ക് 21 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനാണ്. അതോടൊപ്പം രോഗം ബാധിച്ചവര്‍ക്കും, അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കുള്ള ഐസൊലേഷന്‍, ക്വാറന്റൈന്‍ വ്യവസ്ഥയും ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.

രോഗം ബാധിച്ചവര്‍ പൂര്‍ണമായും ഭേദമാകുന്നത് വരെ ആശുപത്രിയില്‍ തുടരേണ്ടി വരും. കുരങ്ങുപി ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍, ചുരുങ്ങിയത് 21 ദിവസം വീട്ടില്‍ ക്വാറന്റീനില്‍ കഴിഞ്ഞാല്‍ മതി. സമ്പര്‍ക്കത്തില്‍പ്പെട്ടവര്‍ ഹോം ഐസൊലേഷന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ഒപ്പം അവരുടെ ആരോഗ്യ നില ആരോഗ്യ വകുപ്പ് അധികൃതര്‍ നല്ല രീതിയില്‍ നിരീക്ഷിക്കുകയും ചെയ്യുമെന്ന് മന്ത്രാലയം വ്യക്തമാക്കി. യുഎഇയില്‍ ആദ്യ കേസ് പശ്ചിമ ആഫ്രിക്കയില്‍ നിന്നെത്തിയ 29കാരനില്‍ നിന്നായിരുന്നു. ഈ മാസം 24നാണ് ആദ്യത്തെ കുരങ്ങുപനി കണ്ടെത്തിയത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് യുഎഇ ആരോഗ്യ മന്ത്രാലയം പറയുന്നത്.