കൊച്ചി: സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജിന് എതിരെ വിമർശനം ഉന്നയിച്ച് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. തൃക്കാക്കര ഉപ തിരഞ്ഞെടുപ്പിൽ കള്ള വോട്ട് ചെയ്യാൻ എത്തിയ ആളെ പിടികൂടിയ സംഭവത്തിൽ ആയിരുന്നു വിമർശനം.

ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി കള്ളവോട്ട് തടയുന്നതിൽ വലിയ ജാഗ്രതയാണ് യു ഡി എഫ് സ്വീകരിച്ചിരുന്നത്. എന്നാൽ, സി പി എം കള്ളവോട്ട് ചെയ്യാൻ വ്യാജ തിരിച്ചറിയൽ കാർഡ് കൊടുത്ത് ആളെ പോളിംഗ് ബൂത്തിലേക്ക് വിടുകയാണെന്നും അദ്ദേഹം വിമർശിച്ചു.

ഇത്തരം, പ്രവർത്തികൾ ചെയ്യുന്നവരെ ഞങ്ങൾ കയ്യോടെ പിടികൂടുന്നു എന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് വിമർശനം ഉന്നയിച്ച് അദ്ദേഹം രംഗത്ത് വന്നത്.

യു ഡി എഫിന്റെ ഭൂരിപക്ഷം കുറയ്ക്കുവാൻ വേണ്ടി സി പി എം തുടക്കം മുതൽ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. നാണമില്ലേ മിസ്റ്റർ സുരാജ് എന്നും രാഹുൽ മാങ്കൂട്ടത്തിൽ കുറിപ്പിൽ ചോദിച്ചിക്കുന്നു.

രാഹുൽ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ; –

‘തൃക്കാക്കരയിൽ വളഞ്ഞ വഴിയിലൂടെ യുഡിഎഫിന്റെ ഭൂരിപക്ഷം കുറയ്ക്കാൻ കഴിയുമോ എന്ന് സിപിഐഎം തുടക്കം മുതൽ ശ്രമിച്ചിരുന്നത്. കളളവോട്ട് തടയാൻ ഞങ്ങൾ വലിയ ജാ​ഗ്രതയും തയ്യാറെടുപ്പുമാണ് ഞങ്ങൾ നടത്തിയത്. നിങ്ങൾ കള്ള വോട്ട് ചെയ്യാൻ വ്യാജ തിരിച്ചറിയൽ കാർഡ് കൊടുത്ത് ആളെ വിടുന്നു. നാണമില്ലെ മിസ്റ്റർ സ്വരാജ് തൃക്കാക്കരക്കാരുടെ ജനഹിതത്തെ വെല്ലുവിളിക്കാനും, അവരുടെ വോട്ട് നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ മാർഗത്തിലൂടെ മറ്റൊരാളെ കൊണ്ട് ചെയ്യിക്കാനും.

എന്തായാലും താങ്കൾ വ്യാജ കാർഡ് കൊടുത്ത് വിട്ട മറ്റൊരു സിപിഐഎം നേതാവിനെ കൂടി കള്ളവോട്ട് ചെയ്യുന്നതിൽ നിന്ന് തടഞ്ഞ്, ഞങ്ങൾ പൊലീസിനെ ഏല്പ്പിച്ചിട്ടുണ്ട്. കരം അടച്ച രസീതുമായി പെട്ടെന്ന് സ്റ്റേഷനിൽ എത്താൻ നോക്കു’..അതേസമയം, വിവിധയിടങ്ങളിൽ കള്ളവോട്ട് നടന്നു എന്ന ആരോപണവുമായി യു ഡി എഫ് രംഗത്ത് വന്നിരുന്നു. ഇതിൽ പ്രധാനമായും പൊന്നുരുന്നി , പാലാരിവട്ടം, കൊല്ലംകുടിമുകൾ എന്നിവിടങ്ങളിലാണ് കള്ളവോട്ട് നടന്നതെന്ന് പരാതി ഉണ്ടായി.

ഇതിൽ, പൊന്നുരുന്നിയിൽ ക്രിസ്ത്യന്‍ കോണ്‍വെന്റ് സ്‌കൂള്‍ ബൂത്തിൽ കളളവോട്ട് ചെയ്യാൻ എത്തിയ ഒരാളെ ബൂത്ത് ഏജന്റുമാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിൽ എടുത്തിരുന്നു. പിറവം പാമ്പാക്കുട സ്വദേശി ആല്‍ബിനെ ആയിരുന്നു പൊലീസ് ഇന്ന് കസ്റ്റഡിയിൽ എടുത്തത്. പൊന്നുരുന്നി സ്വദേശി ടി എം സഞ്ജുവിന്റെ കള്ളവോട്ട് ചെയ്യാനാണ് ഇയാൾ ശ്രമിച്ചത്. അതേസമയം, നാട്ടിൽ ഇല്ലാത്ത വ്യക്തിയുടെ പേരില്‍ വോട്ടിന് ശ്രമിച്ചു എന്നായിരുന്നു യു ഡി എഫ് ആരോപണം ഉന്നയിച്ച് രംഗത്ത് വന്നത്.

അതേസമയം, ഇടപ്പളളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പോളിംഗ് ബൂത്തിലും ഇന്ന് കളളവോട്ട് നടന്നതായി വ്യക്തമാക്കി യു ഡി എഫ് പരാതി നല്‍കി. കാനഡയിൽ താമസിക്കുന്ന വ്യക്തിയുടെ പേരിൽ മറ്റൊരാള്‍ വോട്ട് രേഖപ്പെടുത്തി എന്നാണ് യു ഡി എഫ് ഉന്നയിച്ച പരാതി. സിനിമ ഛായാഗ്രാഹകന്‍ സാലു ജോര്‍ജിന്റെ മകന്റെ വോട്ട് ആയിരുന്നു ഇത്തരത്തില്‍ ചെയ്തതെന്ന് യു ഡി എഫ് വ്യക്തമാക്കുന്നു.

എന്നാൽ, കളളവോട്ട് വിഷയത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത് വന്നിരുന്നു. കളളവോട്ടിന് സി പി എം വ്യാപക തയാറെടുപ്പ് നടത്തി എന്നാണ് പ്രതിപക്ഷ നേതാവ് ആരോപിച്ച വിമർശനം. ഇതിന് വേണ്ടി സി പി എം വ്യാജ വോട്ടര്‍ ഐ ഡി കാര്‍ഡുകള്‍ തയാറാക്കി നല്‍കി എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.