കോട്ടയം: ജനപക്ഷം നേതാവ് പി സി ജോര്‍ജിനെതിരെ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ രംഗത്ത്. പി സി ജോര്‍ജ് ക്രൈസ്തവ സഭയുടെ ചാമ്പന്യാകേണ്ടെന്ന് ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹോനാന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു. ജോര്‍ജിനെ ക്രൈസ്തവരുടെ പ്രതിനിധിയായി കാണാനികില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ക്രിസ്ത്യാനികളുടെ കാര്യങ്ങള്‍ നോക്കാന്‍ ജോര്‍ജിനെ ഏല്‍പ്പിച്ചിട്ടില്ലെന്നും കോണ്‍ഗ്രസും ഇടതുപക്ഷവും എടുക്കാത്തത് കൊണ്ട് ജോര്‍ജിന് ബി ജെ പിയില്‍ പോകാതെ രക്ഷയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നാര്‍ക്കോട്ടിക് ജിഹാദ്, ലൗ ജിഹാദ് പോലുള്ള വിഷയങ്ങല്‍ കേരളത്തിലെ ചില കത്തോലിക്ക സഭ നേതാക്കള്‍ ഉന്നയിക്കുന്നതിന് പിന്നില്‍ അവരുടെ വ്യക്തി താല്‍പര്യമാണെന്നും തൃശൂര്‍ ഭദ്രാസനാധിപന്‍ പറഞ്ഞു. സഭ നേതൃത്വത്തെ തിരുത്തേണ്ടത് വിശ്വാസികളാണ്. ഭാരതത്തെ മുഴുവനായി കാണുന്ന ആര്‍ക്കും സംഘപരിവാറിനൊപ്പം നില്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പി സി ജോര്‍ജിനെതിരെ വിമര്‍ശനവുമായി വിദ്യഭ്യാസമന്ത്രി വി ശിവന്‍ കുട്ടിയും രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ പരാമര്‍ശം നടത്തിയ പി സി ജോര്‍ജിനെതിരെ ആഞ്ഞടിച്ച് മന്ത്രി വി ശിവന്‍കുട്ടി. സി പി എം പൊളിറ്റ്ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന് പി സി ജോര്‍ജിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട. വര്‍ഗീയവിഷം തുപ്പിയാല്‍ ഇനിയും അകത്തു കിടക്കേണ്ടി വരും. അതാണ് രാജ്യത്തെ നിയമസംവിധാനമെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

അറവുശാലയിലെ പോത്തിന്റെ കരച്ചിലാണ് പി സി ജോര്‍ജിന്റേത്. പി സി എന്ന ഇനീഷ്യലിനെ ഏറ്റവും മോശമായി ചിത്രീകരിച്ച പാര്‍ട്ടിക്കൊപ്പമാണ് പി സി ജോര്‍ജ് ഇപ്പോഴുള്ളത്. വര്‍ഗീയ വിഭജനം ഉന്നം വച്ചുള്ള നീക്കങ്ങള്‍ ആണ് സംഘപരിവാറില്‍ നിന്ന് ഉണ്ടാകുന്നത്. പി സി ജോര്‍ജിനെ അതിനുള്ള കരുവാക്കുകയാണ്. സ്വയം വിറ്റ് ജീവിക്കാനുള്ള ശ്രമത്തിലാണ് പി സി ജോര്‍ജ് ഇപ്പോഴുള്ളത്.

രാഷ്ട്രീയ ജീവിതത്തില്‍ വര്‍ഗീയ സംഘടനകളുമായി പി സി ജോര്‍ജ് നിരവധി തവണ ആത്മബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അത് തിരിച്ചറിഞ്ഞാണ് കേരള ജനത പി സി ജോര്‍ജിനെ തോല്‍പ്പിച്ച് വീട്ടില്‍ ഇരുത്തിയത്. പി സി ജോര്‍ജിനോ അദ്ദേഹം ഇപ്പോള്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങള്‍ക്കോ കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. കൗണ്ട് ഡൌണ്‍ തുടങ്ങിയത് ആരുടേതാണെന്ന് കാലം തെളിയിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

അതേസമയം, വിദ്വേഷ കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ പി സി ജോര്‍ജ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരിയില്‍ എത്തി. തന്നെ വര്‍ഗീയവാദിയാക്കി അറസ്റ്റ് ചെയ്തതിനും പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിമിനല്‍ ഗൂഡാലോചനയാമെന്നും പി സി ജോര്‍ജ് ആരോപിച്ചിരുന്നു. തൃക്കാക്കരയില്‍ എ എന്‍ രാധാകൃഷ്ണന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പി സി

പിണറായി വിജയന് എന്നെ ഒരു ചുക്കും ചെയ്യാന്‍ ആകില്ല. ഞാന്‍ ഇപ്പോള്‍ ഇവിടെനിന്ന് മുങ്ങിയാല്‍ ഒരു വര്‍ഷം കഴിഞ്ഞാലും പിണറായിയുടെ പോലീസിന് എന്നെ പിടിക്കാനാകില്ല. ഞാന്‍ ജനാധിപത്യ വിശ്വാസി ആയതുകൊണ്ട് നോട്ടിസ് കിട്ടിയപ്പോള്‍ത്തന്നെ പൊലീസ് സ്റ്റേഷനിലെത്തി. അറസ്റ്റ് ചെയ്യുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് എത്തിയതെന്ന് പി സി ജോര്‍ജ് പറഞ്ഞു.

മഹാരാജാസ് കോളജില്‍ വര്‍ഗീയതയ്ക്കെതിരെ ശബ്ദമുയര്‍ത്തിയ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയവരുടെ തോളില്‍ കയ്യിട്ടാണ് പിണറായി വിജയന്‍ പി സി ജോര്‍ജിനെ വര്‍ഗീയവാദി എന്നു വിളിക്കുന്നത്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടിഷ് തന്ത്രമാണ് പിണറായിയുടേത്. 2014ലേയും 2019ലെ തിരഞ്ഞെടുപ്പുകളിലും പിണറായി നടപ്പാക്കിയത് ഈ പദ്ധതി തന്നെയാണ്. തൃക്കാക്കരയെ വര്‍ഗീയമായി ചേരിതിരിക്കുന്ന പിണറായി ആണ് എന്നെ വര്‍ഗീയവാദി എന്ന് വിളിക്കുന്നത് എന്നതില്‍ പുച്ഛം തോന്നുന്നെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.