എത്യോപ്യയില്‍ അടുത്തിടെ നടന്ന മുസ്ലിം-ക്രിസ്ത്യന്‍ സംഘര്‍ഷത്തെ അപലപിച്ച്‌ യു.എന്‍ മനുഷ്യാവകാശ മേധാവി മിഷേല്‍ ബാച്ചലെറ്റ്.

സംഘര്‍ഷത്തെ കുറിച്ച്‌ സമഗ്രവും സുതാര്യവുമായ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് അധികാരികളോട് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് ഏപ്രില്‍ 26ന് വടക്കന്‍ എത്യോപ്യയില്‍ പൊട്ടിപുറപ്പെട്ട സംഘര്‍ഷം രാജ്യത്തിന്‍റെ വിവിധ മേഖലകളിലേക്ക് വ്യാപിക്കുകയായിരുന്നു. 30ലധികം പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ആക്രമത്തില്‍ താന്‍ അതീവ ദുഃഖിതയാണെന്ന് അവര്‍ പറഞ്ഞു.

യു.എന്നിന് ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം ഗൊണ്ടാറില്‍ രണ്ട് മുസ്ലീം പള്ളികള്‍ കത്തിച്ചതായും രണ്ടെണ്ണം ഭാഗികമായി നശിപ്പിക്കപ്പെട്ടതായും ബാച്ചലെറ്റ് പറഞ്ഞു. അതേസമയം രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറന്‍ ഭാഗത്ത് ക്രിസ്ത്യന്‍ വിഭാഗത്തിലെ രണ്ടുപേരെ തീയിട്ട് കൊല്ലുകയും അഞ്ച് ചര്‍ച്ചുകള്‍ കത്തിക്കുകയും ചെയ്തതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് എത്യോപ്യയിലെ നാല് നഗരങ്ങളില്‍ നിന്ന് 578 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

അറസ്റ്റിലാകുന്നവരെ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ക്കനുസൃതമായി വിചാരണക്ക് വിധേയമാക്കണം. എത്യോപ്യയില്‍ വിവിധ മത വിഭാഗങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ അന്തരീക്ഷം സ്ഥാപിക്കാന്‍ വിപുലമായ നടപടികള്‍ വേണമെന്നും മതപരമായ ആക്രമണങ്ങള്‍ തടയുന്നതിന് സംഘര്‍ഷത്തിന്‍റെ അടിസ്ഥാന കാര‍്യങ്ങള്‍ കണ്ടുപിടിക്കേണ്ടത് അനിവാര്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

നേരത്തെ 2019ല്‍ നാല് മുസ്ലിം പള്ളികള്‍ കത്തിച്ചതുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നു.