പ്രകൃതി മനോഹരവും ശാന്തസുന്ദരവുമായ യു.എ.ഇയിലെ പ്രദേശമാണ്​ കല്‍ബ. ഷാര്‍ജ എമിറേറ്റിന്‍റെ ഭാഗമായ ഇവിടം വികസിച്ചുവരുന്ന ഇക്കോടൂറിസത്തിന്‍റെ രാജ്യത്തെ ഏറ്റവും ആകര്‍ഷകമായ സ്ഥലമാണ്.

യു.എ.ഇയുടെ ദേശീയ മൃഗമായ അറേബ്യന്‍ ഓറിക്‌സിനെ കാണാന്‍ ഇവിടെയെത്തുന്നവരുണ്ട്​. അതുപോലെ ബൈത്ത് ശൈഖ്​ സയീദ് ബിന്‍ ഹമദ് അല്‍ ഖാസിമി മ്യൂസിയം, പുനര്‍നിര്‍മിച്ച കോട്ട തുടങ്ങിയവയും ഇവിടുത്തെ ശ്രദ്ധേയമായ കേന്ദ്രങ്ങളാണ്​. വന്യജീവി-പൈതൃക പ്രേമികള്‍ സന്ദര്‍ശിക്കേണ്ട വിനോദസഞ്ചാര കേന്ദ്രമായ ഇവിടെ ട്രക്കിങ്​, കയാക്കിങ്​, സ്കൂബ ഡൈവിങ്​ എന്നിവക്കും സൗകര്യമുണ്ട്​.

എന്നാല്‍ ശാന്തവും സുന്ദരവുമായ ഇവിടുത്തെ കടല്‍തീരമാണ്​ ഏറ്റവും ആകര്‍ഷകം​. 9കിലോമീറ്ററിലധികം വിസ്തൃതിയുള്ള കല്‍ബ ബീച്ചില്‍ വേനല്‍കാലത്ത്​ നിരവധി സഞ്ചാരികളാണ്​ വന്നുചേരുന്നത്​. വന്യജീവികള്‍ നിറഞ്ഞ കണ്ടല്‍ക്കാടായ ഖോര്‍ കല്‍ബ കണ്‍സര്‍വേഷന്‍ റിസര്‍വിന് തൊട്ടപ്പുറത്താണ്​ ബീച്ച്‌​ സ്ഥിതി ചെയ്യുന്നത്​. അപൂര്‍വ ജീവികള്‍ എത്തിച്ചേരുന്ന ഇവിടം ഹോക്‌സ്‌ബില്‍ ആമകളുടെ ഒരു പ്രധാന കൂടുകെട്ടല്‍ കേന്ദ്രമാണ്.

വംശനാശഭീഷണി നേരിടുന്ന അറേബ്യന്‍ കോളര്‍ കിംങ്​ഫിഷര്‍ പക്ഷികളുടെ യു.എ.ഇയിലെ ഏക പ്രജനന കേന്ദ്രം കൂടിയാണ്​ കല്‍ബ റിസര്‍വ്​. ഇതിന്​ സമീപത്തെ ബീച്ച്‌​ ഭാഗം മല്‍സ്യബന്ധ പ്രദേശമായതിനാല്‍ ധാരാളം പ്രദേശിക മല്‍സ്യത്തൊഴിലാളികളെയും അവരുടെ പ്രവര്‍ത്തനങ്ങളും കാണാനാകും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വാദ്യകരമായ സ്കൂബ ഡൈവിങ്​ ഇവിടെയെത്തുന്നവര്‍ക്ക്​ ആസ്വദ്യകരമാണ്​. ഷാര്‍ജയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി തിരക്ക്​ കുറഞ്ഞ സ്ഥലം കൂടിയാണിത്​.

ആഴം കുറഞ്ഞ കടലിന്‍റെ തീരത്തോടടുത്ത ഭാഗത്തെ തിളക്കമുള്ള വെള്ളം ഏതൊരാളെയും ഇറങ്ങിക്കുളിക്കാന്‍ കൊതിപ്പിക്കുന്നതാണ്​. ബീച്ചില്‍ സ്വസ്ഥമായി കുളിക്കാന്‍ എത്തുന്നവര്‍ക്ക്​ എല്ലാ സൗകര്യങ്ങളും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്​. സദാസമയവും ജാഗരൂകരായ ലൈഫ്​ ഗാര്‍ഡുമാരും സുരക്ഷാ ജീവനക്കാരും ഇവിടെയുണ്ട്​. ആഴം കുറഞ്ഞ ഭാഗങ്ങള്‍ അടയാളപ്പെടുത്തുകയും അതിരുകളില്‍ ​സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്തിട്ടുണ്ട്​.

വലിയ സംവിധാനങ്ങളോടെ രൂപപ്പെടുത്തിയ കല്‍ബ ബീച്ച്‌​ കോര്‍ണിഷ്​ കഴിഞ്ഞ വര്‍ഷമാണ്​ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ്​ ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്​ അല്‍ ഖാസിമി ഉദ്​ഘാടനം ചെയ്തത്​. വിനോദസഞ്ചാരികള്‍ക്ക്​ ഏറ്റവും മികച്ച സൗകര്യങ്ങളൊരുക്കുന്നതിന്‍റെ ഭാഗമായാണ്​ കോര്‍ണിഷ്​ വിപുലീകരിച്ചത്​. കോര്‍ണിഷിന്​ മനോഹാരിത പകര്‍ന്ന്​ നൂറുക്കണക്കിന്​ ഈത്തപ്പനകള്‍ തീരത്ത്​ നട്ടുപിടിപ്പിച്ചിട്ടണ്ട്​. ഇതടങ്ങുന്ന ഭാഗം പച്ചപ്പുല്‍ വിരിച്ച്‌​ പാര്‍ക്കായി രൂപപ്പെടുത്തിയത്​ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിനോദങ്ങളിലേര്‍പ്പെടാന്‍ സൗകര്യമാണ്​. കുട്ടികള്‍ക്ക്​ പ്രത്യേകമായ മറ്റു വിനോദ സൗകര്യങ്ങളുമുണ്ട്​. ഒരു സര്‍വീസ് റോഡിന് പുറമേ കോര്‍ണിഷ് റോഡിലേക്ക് ഒരു അധിക പാത, 3,000 കാറുകള്‍ പാര്‍ക്ക്​ ചെയ്യാന്‍ സൗകര്യം എന്നിവയുമുണ്ട്​.

പാര്‍ക്കിങില്‍ 82 എണ്ണം നിശ്ചയദാര്‍ഢ്യ വിഭാഗക്കാര്‍ക്ക്​ സംവരണം ചെയ്തിട്ടുമുണ്ട്​. കോര്‍ണിഷില്‍ 7.6 കിലോമീറ്റര്‍ നീളവും 4 മീറ്റര്‍ വീതിയുമുള്ള റണ്ണിങ്​ ട്രാക്കും കടലിനഭിമുഖമായി ഇരിക്കുന്നതിന്​ ബെഞ്ചുകളും ഉണ്ട്. വേനല്‍കാലത്തെ ഒഴിവുദിനങ്ങള്‍ ആസ്വദ്യകരമാക്കാന്‍ കുടുംബങ്ങള്‍ക്കും സുഹൃദ്​വൃന്ദങ്ങള്‍ക്കും ഏറ്റവും അനുയോജ്യമായൊരിടമാണിത്​