21,312 അടി ഉയരത്തിൽ ഇരുന്ന് ഒരു ചായ കുടിച്ചാൽ എന്തായിരിക്കും അനുഭവം. നിങ്ങൾ ഇതുവരെ കുടിച്ചിട്ടുള്ള ചായത്തിൽ നിന്ന് വ്യത്യസ്തമായിരിക്കും അത്. ഒരു കൂട്ടം പർവ്വതാരോഹകർ ആണ് എവറസ്റ്റിൽ 21,312 അടി ഉയരത്തിൽ ചായ സൽക്കാരത്തിനായി ഒത്തുകൂടിയത്.

മഞ്ഞുവീഴ്ചയ്‌ക്കിടയിലുള്ള സാഹസികരുടെ ഒത്തുചേരലിന്റെ വീഡിയോ ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് പങ്കിട്ടു. കട്ടിയുള്ള മഞ്ഞ വസ്ത്രം ധരിച്ച സംഘത്തിലെ ഒരാൾ വർണ്ണാഭമായ ചായക്കപ്പുകളും ലഘുഭക്ഷണങ്ങളും കൊണ്ട് ഒരു മേശ തയ്യാറാക്കുന്നത് ദൃശ്യങ്ങളിലുണ്ട്. മറ്റുചിലർ അതിനു ചുറ്റും ഇരുന്നു. ഗ്രൂപ്പിലെ ഒരു വനിത കപ്പ് ക്യാമറയിലേക്ക് ഉയർത്തി കൈ വീശി.

 

‘ഏറ്റവും ഉയർന്ന ചായ സൽക്കാരം. നേപ്പാളിലെ മൗണ്ട് എവറസ്റ്റ് ക്യാമ്പ് 2 ൽ ഹ്യൂസിന്റെ ഏറ്റവും ഉയർന്ന ടീ പാർട്ടി ടീം 6,496 മീറ്റർ/21,312 അടി,’ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടുകൊണ്ട് ഗിന്നസ് എഴുതി. വീഡിയോ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ ചർച്ചയായിരിക്കുകയാണ്. ”സൂപ്പർ കൂൾ. ചായയുടെ തണുപ്പ് എത്രയായിരുന്നുവെന്ന് അത്ഭുതപ്പെടുന്നു,” ഒരു ഉപയോക്താവ് പോസ്റ്റിൽ കമന്റ് ചെയ്തു.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എട്ട് കൊടുമുടികൾ കീഴടക്കാൻ നൂറുകണക്കിന് സാഹസികരാണ് ഓരോ വർഷവും നേപ്പാളിലെത്തുന്നത്. കൊറോണ പ്രതിസന്ധി കാരണം 2020ൽ രാജ്യം നിർത്തിവച്ച പർവതാരോഹണം 2021ൽ പുനരാരംഭിച്ചു. ഈ മലകയറ്റ സീസണിൽ 918 പർവതാരോഹകർക്ക് നേപ്പാൾ സർക്കാർ പെർമിറ്റ് നൽകിയതായി വാർത്താ ഏജൻസി എഎഫ്പി റിപ്പോർട്ട് ചെയ്തു.