യുക്രെയ്‌നിലെ ബിലോഹോറിവ്കയിലുള്ള സ്‌കൂളിൽ ബോംബാക്രമണം. സംഭവത്തിൽ 60 പേർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലുഹാൻസ്‌ക് മേഖലാ ഗവർണർ സെർഹിയ് ഗൈദൈ ആണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തിൽ രണ്ട് പേരുടെ മരണം സ്ഥിരീകരിച്ചതായും അറുപതോളം പേർ കൊല്ലപ്പെട്ടെന്ന് സൂചന ലഭിച്ചതായും ഗവർണർ വ്യക്തമാക്കി. ബോംബാക്രമണം നടന്ന സ്‌കൂൾ കെട്ടിടത്തിന് താഴെ 90ഓളം പേർ താമസിച്ചിരുന്നു. ഇതിൽ 30 പേരെ മാത്രമാണ് രക്ഷപ്പെടുത്താനായത്. ഇതിൽ ഏഴ് പേർക്ക് പരിക്കുകളുണ്ട്. ശനിയാഴ്ചയായിരുന്നു ആക്രമണം നടന്നത്. സ്‌കൂൾ കെട്ടിടത്തിന് മുകളിൽ റഷ്യൻ വിമാനം ബോംബ് വർഷിക്കുകയായിരുന്നുവെന്ന് ലുഹാൻസ്‌ക് മേഖലാ ഗവർണർ ആരോപിച്ചു. ഇക്കാര്യത്തിൽ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കെട്ടിടാവശിഷ്ടങ്ങൾ എടുത്ത് മാറ്റിയതിന് ശേഷമേ മരണസംഖ്യ വ്യക്തമാക്കാനാകൂ. കെട്ടിടത്തിന് താഴെയുള്ള ബേസ്‌മെന്റിൽ മൂന്ന് ഗ്രാമങ്ങളിലെ ജനങ്ങൾ താമസിച്ചിരുന്നു. ഇവരാണ് അപകടത്തിൽപ്പെട്ടതെന്നും ഗവർണർ പറഞ്ഞു.

ഫെബ്രുവരി 24 ന് ആരംഭിച്ച റഷ്യ-യുക്രെയ്ൻ യുദ്ധം രണ്ടര മാസത്തോട് അടുക്കുകയാണ്. റഷ്യൻ അധിനിവേശത്തിൽ ഇതുവരെ 2,345 യുക്രെയ്ൻ സ്വദേശികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഐക്യരാഷ്‌ട്രസഭ പുറത്തുവിടുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.