ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ടെസ്ല മേധാവി ഇലോണ്‍ മസ്‌കിനോട് നിര്‍ദ്ദേശിച്ച്‌ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാല. ടെസ്ലയുടെ ഉയര്‍ന്ന നിലവാരത്തിലുള്ളതും വലിയ തോതിലുള്ളതുമായ കാറുകളുടെ നിര്‍മ്മാണത്തിനായി ഇന്ത്യയില്‍ നിക്ഷേപം നടത്താനാണ് അദാര്‍ പുനാവാല നിര്‍ദ്ദേശിച്ചിരിക്കുന്നത്. ട്വിറ്റര്‍ വാങ്ങാനുള്ള നീക്കം നടക്കാതെ വരികയാണെങ്കില്‍ ആ മൂലധനം ഇന്ത്യയില്‍ ടെസ്ല നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം.

ലോകത്തിലെ ഏറ്റവും വലിയ ധനികന്‍ നടത്തുന്ന ഏറ്റവും മികച്ച നിക്ഷേപമായിരിക്കും ഇതെന്നും പൂനാവാല പറഞ്ഞു. ട്വിറ്ററിലൂടെയാണ് പൂനാവാല പ്രതികരണവുമായി എത്തിയിരിക്കുന്നത്. 44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ വാങ്ങാമെന്ന് ടെസ്ല മേധാവി വാഗ്ദാനം ചെയ്യുകയും ട്വിറ്റര്‍ ബോര്‍ഡ് അദ്ദേഹത്തിന്റെ ഓഫര്‍ അംഗീകരിക്കുകയും ചെയ്തതിന് പിന്നാലെയാണ് പൂനവാല മസ്‌കിന് ഉപദേശം നല്‍കിയത്.

ടെസ്ല, സ്‌പെയ്‌സ് എക്‌സ് തുടങ്ങിയ കമ്ബനികളുടെ മേധാവിയായ ഇലോണ്‍ മസ്‌ക് ഇന്ത്യന്‍ വിപണിയും ഉറ്റുനോക്കിയിരുന്നു. എന്നാല്‍ ഇന്ത്യയിലെ ഇറക്കുമതി തീരുവ കുറയ്‌ക്കണമെന്ന് ടെസ്ല ആവശ്യപ്പെടുകയായിരുന്നു. രാജ്യത്തെ ഇറക്കുമതി തീരുവ മൂലം ഇലക്‌ട്രിക് വാഹനങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള തന്റെ പദ്ധതികള്‍ പരാജയപ്പെട്ടുവെന്നും ഇലോണ്‍ മസ്‌ക് പറഞ്ഞിരുന്നു. ഇലോണ്‍ മസ്‌കിന് വേണമെങ്കില്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താമെന്നും എന്നാല്‍ ചൈനയില്‍ നിര്‍മിച്ച്‌ ഇന്ത്യയില്‍ ടെസ്ലയുടെ വാഹനങ്ങള്‍ വില്‍ക്കാന്‍ അനുവദിക്കില്ലെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരിയും വ്യക്തമാക്കിയിരുന്നു.