സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്ത് ചിത്രമായിരുന്നു ‘അയ്യപ്പനും കോശിയും’. ബിജു മേനോന്‍, പൃഥ്വിരാജ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രത്തിന് വലിയ പ്രേക്ഷക പിന്തുണയാണ് കിട്ടിയത്.

സുദീപ് എലമനം ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചത് ജേക്ക്‌സ് ബിജോയ് ആണ്. അഞ്ച് കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് വരുമാനം 52 കോടിയായിരുന്നു.

ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന വാര്‍ത്തകള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യന്‍ എന്ന കഥാപാത്രത്തിലേക്ക് അഭിഷേക് ബച്ചനെ പരി​ഗണിക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അര്‍ജുന്‍ കപൂറിന് പകരമാണ് താരത്തെ പരി​ഗണിക്കുന്നതെന്നാണ് വിവരം. അഭിഷേക് ബച്ചനെ ആയിരുന്നു കഥാപാത്രത്തിലേക്ക് ആദ്യം പരിഗണിച്ചത്. എന്നാല്‍, പിന്നീട് കഥാപാത്രം അര്‍ജുന്‍ കപൂറിലേക്ക് പോവുകയായിരുന്നു. അര്‍ജുന്‍ സിനിമയില്‍ നിന്ന് പിന്മാറിയ സാഹചര്യത്തിലാണ് അഭിഷേകിനെ വീണ്ടും പരിഗണിക്കുന്നത്. ബിജു മേനോന്റെ അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജോണ്‍ എബ്രഹാമാണ്. ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയാണ് ജോണ്‍ എബ്രഹാം.

‘അയ്യപ്പനും കോശിയും’ തെലുങ്കിലും റീമേക്ക് ചെയ്തിരുന്നു. ‘ഭീംല നായ്ക്’ എന്ന് പേരിട്ടിരുന്ന ചിത്രത്തില്‍ പവന്‍ കല്യാണും റാണ ദഗുബദ്ദിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.