സുകുമാരൻ നായരുടെയും (Sukumaran Nair) വെള്ളാപ്പള്ളിയുടെയും (Vellappally Natesan) ഉറച്ച പിന്തുണ, മറ്റ് പാർട്ടികളിലെ നേതാക്കളുമായി മികച്ച ബന്ധം… ബിജെപി സ്ഥാനാർഥിയുടെ (Bjp Candidate) ബയോഡേറ്റയിലെ “ഇന്ററസ്റ്റിംഗ് ഫാക്ട്സ് ” ആണ് തൃക്കാക്കരയിലെ പ്രധാന ചര്‍ച്ചകളിലൊന്ന്. ലോകത്തിലെ വൈജ്ഞാനിക കേന്ദ്രമാക്കി കേരളത്തെ മാറ്റുകയാണ് തന്റെ ലക്ഷ്യമെന്ന് കുറിച്ചു കൊണ്ടാണ് തൃക്കാക്കരയിലെ ബിജെപി സ്ഥാനാർഥി എ എൻ രാധാകൃഷ്ണൻ തന്റെ ബയോഡേറ്റ തയാറാക്കിയിരിക്കുന്നത്.

യുവജന പ്രവർത്തന കാലം മുതലിങ്ങോട്ടുള്ള തന്റെ രാഷ്ട്രീയ വഴികളെല്ലാം രേഖപ്പെടുത്തിയിട്ടുള്ള  ബയോഡേറ്റയിൽ കൗതുകമുണർത്തുന്നത് ” ഇന്ററസ്റ്റിംഗ് ഫാക്ട്സ് (INTERESTING FACTS) ” എന്ന തലക്കെട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന കാര്യങ്ങളാണ്. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും മികച്ച പിന്തുണ തനിക്കുണ്ടെന്നാണ് രാധാകൃഷ്ണൻ തന്റെ ബയോഡേറ്റയിൽ അവകാശപ്പെടുന്നത്.

മറ്റ് രാഷ്ട്രീയ പാർട്ടികളിലെ എല്ലാ നേതാക്കളുമായും ഉള്ള മികച്ച ബന്ധവും വ്യക്തി മികവായി രാധാകൃഷ്ണൻ രേഖപ്പെടുത്തിയിട്ടുണ്ട്. രമേശ് ചെന്നിത്തലക്കും ജസ്റ്റിസ് വി ആർ കൃഷ്ണയ്യർക്കുമൊപ്പം മദർ തെരേസ പുരസ്കാരം 2014ൽ പങ്കുവച്ചിട്ടുണ്ടെന്നും ബിജെപി നേതാവ് അവകാശപ്പെടുന്നു. പൊതുവിൽ ഭൂമി ഏജന്റുമാരുമായി ഉള്ള ബന്ധത്തെ കുറിച്ച് പറയാൻ മടിക്കുന്ന രാഷ്ട്രീയക്കാർക്കിടയിലും രാധാകൃഷ്ണൻ വ്യത്യസ്തനാണ്.

റിയൽ എസ്റ്റേറ്റ് ഏജന്റുമാരുടെ സംഘടനയുടെ രക്ഷാധികാരിയാണ് താൻ എന്നു ബയോഡേറ്റയിൽ രേഖപ്പെടുത്താനുള്ള ധൈര്യവും ബിജെപി പ്രവർത്തകരുടെ സ്വന്തം എ എൻ ആറിനുണ്ട്. തൃക്കാക്കരയിൽ തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്നാണ് എ എൻ രാധാകൃഷ്ണൻ പറയുന്നത്. മണ്ഡലത്തിലെ വോട്ടർമാരുമായി നേരിട്ട് ബന്ധമുണ്ടെന്നും കേന്ദ്ര സർക്കാരിന്‍റെ വികസന പദ്ധതികൾ തനിക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സഭാ വിശ്വാസികളുടെ വോട്ട് ബിജെപിക്കായിരിക്കുമെന്നും ഇരട്ടനീതിയും ലവ് ജിഹാദും ചർച്ചയാക്കുമെന്നും കെ സുരേന്ദ്രനും എഎൽ രാധാകൃഷ്ണനും പ്രതികരിച്ചു. സ്ഥാനാ‍ർത്ഥി വൈകിയതിൽ ബിജെപി നേതാക്കൾക്കും അണികൾക്കുമിടയിൽ അതൃപ്തി പുകയുന്നതിനിടിയാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് എ എൻ രാധാകൃഷ്ണന്‍റെ പേര് പാര്‍ട്ടി പ്രഖ്യാപിച്ചത്. സംസ്ഥാന വൈസ് പ്രസിഡന്‍റ്, മധ്യകേരളത്തിലെ പാർട്ടിയുടെ പ്രധാനമുഖം, ഒപ്പം സഭാ നേതൃത്വത്തോടുള്ള അടുപ്പം എന്നീ ഘടകകങ്ങളാണ് തൃക്കാക്കരയിൽ എ എൻ രാധാകൃഷ്ണനെ ബിജെപി ഇറക്കാൻ കാരണം.

അടിയന്തിരാവസ്ഥക്കാലത്ത് ജയിലിലടക്കപ്പെട്ട എ എൻ രാധാകൃഷ്ണൻ പിന്നെ കണ്ണൂരിൽ ആർഎസ്എസ് പ്രചാരകനായി. യുവമോർച്ചയിലൂടെ വളർന്നാണ് എ എൻ രാധാകൃഷ്ണന്‍ ബിജെപി നേതൃനിരയിലേക്കെത്തിയത്. മുരളീധര വിരുദ്ധ ചേരിയിലായിരുന്നുവെങ്കിലും വൈസ് പ്രസിഡന്‍റായിട്ടും കോർ കമ്മിറ്റിയിൽ നിലനിർത്തപ്പെട്ട രാധാകൃഷ്ണൻ സുരേന്ദ്രനുമായി അടുത്തകാലത്ത് നല്ല അടുപ്പത്തിലുമാണ്. സഭാ വോട്ട് ലക്ഷ്യമിട്ടും പ്രചാരണം നടത്തുമെന്ന് എ എൻ രാധാകൃഷ്ണൻ പറഞ്ഞു.

ഇതോടെ, ക്രൈസ്തവ സഭയെ ഒപ്പം നിർത്താനുള്ള ബിജെപി നീക്കങ്ങളുടെ പരീക്ഷണശാല കൂടിയാകും തൃക്കാക്കര. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സംസ്ഥാനത്ത് സഭാ നേതൃത്വത്തെ ഒപ്പം നിർത്താനാണ് ബിജെപി ദേശീയ നേതൃത്വത്തിന്‍റെ തന്ത്രം. സഭ ഉന്നയിക്കുന്ന ലവ് ജിഹാദ് അടക്കമുള്ള വിഷയങ്ങൾ ഏറ്റെടുക്കുന്ന പാർട്ടിക്ക് സഭാ വോട്ടുകൾ നിർണ്ണായകമാണ്. അട്ടിമറി ജയം ഉണ്ടാകുമെന്ന് എ എൻ രാധാകൃഷ്ണൻ പറയുന്നുണ്ടെങ്കിലും കഴിഞ്ഞ തവണ നേടിയ  15483 ൽ നിന്നുള്ള കുതിച്ചുചാട്ടമാണ് ബിജെപിയുടെ വെല്ലുവിളി.