നാളെ റഷ്യയില്‍ 77ാമത് വിജയദിനം ആചരിക്കാനിരിക്കെ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്റെ പ്രഖ്യാപനത്തിലേക്ക് കാതോര്‍ത്ത് ലോകം. രണ്ടാം ലോകമഹായുദ്ധത്തില്‍ നാസി ജര്‍മ്മനിയ്ക്ക് മേല്‍ സോവിയറ്റ് യൂണിയന്‍ നേടിയ വിജയത്തിന്റെ വാര്‍ഷികമാണ് റഷ്യയില്‍ വിജയദിനം ( വിക്ടറി ഡേ ) ആയി ആചരിക്കുന്നത്. യുക്രെയിന്‍ അധിനിവേശം സംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം വിജയദിന പരേഡില്‍ പുട്ടിന്റെ ഭാഗത്ത് നിന്നുണ്ടായേക്കുമെന്ന് സൂചനയുണ്ട്.

യുക്രെയിനില്‍ ഇതുവരെ കണ്ടത് വെറും സൈനിക നടപടി മാത്രമാണെന്നും ശരിക്കുമുള്ള യുദ്ധ പ്രഖ്യാപനം വിജയദിനത്തിലുണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ക്രെംലിന്‍ അത് നിഷേധിച്ചിരുന്നു.

നാളെ മോസ്കോയിലെ റെഡ് സ്ക്വയറില്‍ അരങ്ങേറുന്ന പൗഢ ഗംഭീരമായ പരേഡില്‍ റഷ്യയുടെ കരുത്ത് തെളിയിക്കുന്ന അത്യാധുനിക ആയുധങ്ങള്‍ അണിനിരക്കും. സെന്റ് ബേസില്‍സ് കതീഡ്രലിന് മുകളിലൂടെ കടന്നു പോകുന്ന ഫ്ലൈ – പാസ്റ്റില്‍ ആണവയുദ്ധത്തെ അതിജീവിക്കാന്‍ ശേഷിയുള്ള റഷ്യന്‍ നിര്‍മ്മിത ‘ ഡൂംസ്ഡേ ” ( ഇല്യൂഷിന്‍ IL – 80 )​ വിമാനവും ടി.യു – 160 സ്ട്രാറ്റജിക് ബോംബറുകളും അണിനിരക്കും.

ലോകത്തിന് വളരെ പരിമിതമായ അറിവ് മാത്രമുള്ള ഡൂംസ്ഡേ വളരെ അപൂര്‍വമായാണ് ജനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. ആകെ 77 വിമാനങ്ങളാണ് പരേഡില്‍ പങ്കെടുക്കുക. ഇസ്കന്‍ഡര്‍ അടക്കം ആണവശേഷിയുള്ള മിസൈലുകളും അണിനിരക്കും.

ഡൂംസ്ഡേ വിമാനത്തെ റഷ്യ രംഗത്തിറക്കുന്നത് പാശ്ചാത്യ രാജ്യങ്ങള്‍ക്ക് മുന്നില്‍ തങ്ങളുടെ ആണവ കരുത്ത് ഓര്‍മിപ്പിക്കാനാണ്. യുക്രെയിന് സഹായം നല്‍കുന്ന അമേരിക്കയ്ക്കും പാശ്ചാത്യ രാജ്യങ്ങള്‍ക്കും നാളെ പുട്ടിന്‍ വ്യക്തമായ മുന്നറിയിപ്പ് നല്‍കുമെന്നാണ് വിലയിരുത്തല്‍.

അതേ സമയം, കരിങ്കടലില്‍ സ്നേക്ക് ഐലന്‍ഡിന് സമീപം റഷ്യയുടെ സെര്‍ന ക്ലാസിലെ യുദ്ധക്കപ്പല്‍ തകര്‍ത്തെന്ന് യുക്രെയിന്‍ അവകാശപ്പെട്ടു. ആക്രമണത്തില്‍ തകര്‍ന്നെന്ന് പറയുന്ന കപ്പലിന്റെ ഉപഗ്രഹ ചിത്രങ്ങളും യുക്രെയിന്‍ പുറത്തുവിട്ടു.

തെക്കന്‍ ഒഡേസയില്‍ ആറ് മിസൈലുകള്‍ പതിച്ചെന്ന് യുക്രെയിന്‍ ആരോപിച്ചു. ഡോണ്‍ബാസില്‍ മൂന്ന് റഷ്യന്‍ ടാങ്കുകളും എട്ട് പീരങ്കി സംവിധാനങ്ങളും തകര്‍ത്തെന്ന് യുക്രെയിന്‍ വ്യക്തമാക്കി. ഇവിടെ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

ഖാര്‍ക്കീവില്‍ 18ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട മ്യൂസിയം റഷ്യ തകര്‍ത്തെന്ന് റിപ്പോര്‍ട്ടുണ്ട്. മരിയുപോളില്‍ അസോവ്സ്റ്റല്‍ സ്റ്റീല്‍ പ്ലാന്റില്‍ നിന്ന് സിവിലിയന്‍മാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ തുടരുകയാണ്. അതേ സമയം, യുക്രെയിന്റെ അയല്‍രാജ്യമായ മോള്‍ഡോവയിലെ റഷ്യന്‍ അനുകൂല വിമത മേഖലയായ ട്രാന്‍സ്നിസ്ട്രിയയില്‍ ഇന്നലെയും ആക്രമണങ്ങളുണ്ടായി. ഇന്നലെ റൊമേനിയയിലെ ബുക്കാറസ്റ്റിലെത്തിയ യു.എസ് പ്രഥമ വനിത ജില്‍ ബൈഡന്‍ യുക്രെയിനില്‍ നിന്നെത്തിയ അഭയാര്‍ത്ഥികളെ സന്ദര്‍ശിച്ചു.