സ്ത്രീകൾ തല മുതൽ കാൽ വരെ മറയ്‌ക്കുന്ന ബുർഖ ധരിക്കണമെന്ന് ഉത്തരവിട്ട് താലിബാൻ നേതാവ് ഹിബാത്തുള്ള അക്കുന്ത്‌സാദ. കാബൂളിൽ നടന്ന പ്രത്യേക ചടങ്ങിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

പരമ്പരാഗതവും മാന്യവുമായ വേഷമാണ് തല മുതൽ കാൽ വരെ മൂടുന്ന ബുർഖകൾ. ഇത് വേണം സ്ത്രീകൾ ധരിക്കാൻ എന്ന് താലിബാൻ നേതാവ് ഉത്തരവിട്ടു. അഫ്ഗാനിൽ താലിബാൻ അധികാരത്തിൽ ഏറിയതോടെ ബുർഖ നിർബന്ധമാക്കിയിരുന്നെങ്കിലും സാധാരണ ഹിജാബ് ധരിക്കുന്നതിന് വിലക്കില്ലായിരുന്നു. എന്നാൽ ഇനി മുതൽ അത് പാടില്ലെന്നാണ് പുതിയ ഉത്തരവ്.

മനുഷ്യരുടെ മൗലികാവകാശങ്ങൾ ഇല്ലാതാക്കിക്കൊണ്ട് ശരിയത്ത് നിയമങ്ങൾ നടപ്പിലാക്കുകയാണ് താലിബാൻ ഭരണകൂടം. യുഎസ് സൈനിക പിന്മാറ്റത്തിന് പിന്നാലെ അഫ്ഗാൻ പിടിച്ചെടുത്ത താലിബാൻ തീവ്ര ഇസ്ലാമിക നിയമങ്ങളാണ് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നത്. ഇതിനെ എതിർക്കുന്നവരെ പരസ്യമായി വെടിവെച്ച് കൊല്ലാനും തൂക്കിക്കൊല്ലാനും ഇവർ മടിക്കുന്നില്ല. പെൺകുട്ടികളെ സ്‌കൂളിൽ വിടാൻ പാടില്ലെന്നും സ്ത്രീകൾ ആൺ തുണയില്ലാതെ പുറത്തിറങ്ങരുത് എന്നും താലിബാൻ നിർദ്ദേശിച്ചിട്ടുണ്ട്.