ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 75 റൺസിന് തകർത്തെറിഞ്ഞ് ലക്‌നൗ സൂപ്പർ ജയന്റ്‌സ്. ലക്‌നൗ ഉയർത്തിയ 177 എന്ന വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്‌ക്ക് 101 റൺസ് എടുക്കുമ്പോഴേക്കും മുഴുവൻ വിക്കറ്റും നഷ്ടമായിരുന്നു. നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് ലക്‌നൗ നേടിയത്.

ലക്‌നൗവിന് വേണ്ടി ക്വിന്റൺ ഡി കോക്കാണ് തകർത്താടിയത്. 29 ബോളിൽ 3 സിക്‌സറും 4 ബൗണ്ടറിയുമുൾപ്പെടെ 50 റൺസ് ഡി കോക്ക് നേടി. ഒപ്പമിറങ്ങിയ രാഹുൽ ആദ്യ ബോളിൽ തന്നെ റൺഒഔട്ട് ആയപ്പോൾ, ഡി കോക്കിന് പിന്തുണയുമായി ദീപക് ഹൂഡ എത്തി. 27 ബോളിൽ 2 സിക്‌സറും 4 ബൗണ്ടറിയുമുൾപ്പെടെ 41 റൺസാണ് ഹൂഡ ടീമിന് വേണ്ടി നേടിയത്. ഡി കോക്കും ഹൂഡയും ചേർന്ന് 73 റൺസ് നേടിക്കൊണ്ട് ടീമിന്റെ സ്‌കോർ ഉയർത്തി.

പിന്നീട് ഇറങ്ങിയ ക്രുനാൽ പാണ്ഡെ 27 ബോളിൽ 25 റൺസും, ആയുഷ് ബദോനി 18 ബോളിൽ 15 റൺസുമെടുത്തു. മാർക്കസ് സ്‌റ്റോണിസ് 14 ബോളിൽ 3 സിക്‌സറും 1 ബൗണ്ടറിയുമുൾപ്പെടെ 28 റൺസ് നേടി.

കൊൽക്കത്തയ്‌ക്ക് വേണ്ടി ആന്ദ്രെ റസ്സൽ രണ്ട് വിക്കറ്റും ടിം സൗതേയും ശിവം മാവിയും സുനിൽ നരേനും ഓരോവിക്കറ്റ് വീതവും വീഴ്‌ത്തി.

രണ്ടാമതിറങ്ങിയ നൈറ്റ് റൈഡേഴ്‌സിന് തുടക്കം തന്നെ പാളിയിരുന്നു. ആറ് ബോളിൽ ഒരു റൺസ് പോലും എടുക്കാതെ ബാബ ഇന്ദ്രജിത്ത് പുറത്തായപ്പോൾ, ആരോൺ ഫഞ്ച് 14 ബോളിൽ 14 റൺസ് എടുത്തു. കൊൽക്കത്തയ്‌ക്ക് വേണ്ടി ആന്ദ്രെ റസ്സലാണ് നിറഞ്ഞാടിയത്. 19 ബോളിൽ 5 സിക്‌സറും 3 ബൗണ്ടറിയുമുൾപ്പെടെ 45 റൺസാണ് താരം നേടിയത്. റസ്സലിന് പിന്തുണയുമായി സുനില് നരേനും എത്തി. 12 ബോളിൽ 22 റൺസ് എടുത്താണ് നരേൻ പുറത്തായത്. 14.3 ഓവറിൽ ടീമിന് മുഴുവൻ വിക്കറ്റും നഷ്ടപ്പെട്ടു.

ലക്‌നൗവിന് വേണ്ടി അവേഷ് ഖാനും ജേസൺ ഹോൾഡറും മൂന്ന് വിക്കറ്റ് വീതവും, മൊഹ്‌സിൻ ഖാനും, ദുശ്മന്ത ചമീറയും, രവി ബിഷ്‌ണോയും ാെരു വിക്കറ്റ് വിതവും വീഴ്‌ത്തി.