റഷ്യയുടെ മറ്റൊരു യുദ്ധക്കപ്പല്‍ കൂടി യുക്രെയിന്‍ തകര്‍ത്തതായി ചില റിപ്പൊര്‍ട്ടുകള്‍. കരിങ്കടലില്‍ പുടിന്റെ മറ്റൊരു കപ്പല്‍ കൂടി പ്രശ്നത്തിലാണെന്ന് ഒരു എം പി സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. യുക്രെയിനിലെ ഏറ്റവും വലിയ നാവികാസ്ഥാനമായ ഒഡേസയിലെ കൗണ്‍സില്‍ മേധാവി തന്റെ ടെലെഗ്രാം ചാനലിലൂടെ റഷ്യയുടെ അഡ്‌മിറല്‍ മാകറൊവ് എന്ന യുദ്ധക്കപ്പലാണ് തകര്‍ന്നത് എന്നറിയിച്ചിട്ടുണ്ട്. 500 മില്യണ്‍ ഡോളര്‍ വിലവരുന്ന ഈ കപ്പല്‍ വെറും അഞ്ചു വര്‍ഷം മുന്‍പ് മാത്രമാണ് കമ്മീഷന്‍ ചെയ്തത്.

റഷ്യയിലെ ഏറ്റവും വലിയ കരിങ്കടല്‍ തുറമുഖമായ സെവാസ്റ്റൊപോളില്‍ നിന്നും രക്ഷാ കപ്പലുകളും വിമാനങ്ങളും ഈ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട് എന്ന് സ്ഥിരീകരിക്കാത്ത റിപ്പൊര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. കരിങ്കടലില്‍ സ്നേക്ക് ദ്വീപുകള്‍ക്ക് സമീപമാണ് കപ്പല്‍ തകര്‍ത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതേഭാഗത്ത് ഒരു അമേരിക്കന്‍ ഡ്രൊണ്‍ വട്ടം ചുറ്റുന്നതായിഫ്ളൈറ്റ് ട്രാക്കിങ് ഡാറ്റയും കാണിക്കുന്നുണ്ട്. ഈ വാര്‍ത്ത ശരിയാണെങ്കില്‍, പുടിന്റെ കരിങ്കടല്‍ നാവിക വ്യുഹത്തെ നയിച്ചിരുന്ന മോസ്‌ക്വായ്ക്ക് ശേഷം റഷ്യയ്ക്ക് ഉണ്ടാകുന്ന വന്‍ നഷ്ടമാണിത്.

യുക്രെയിനിലെ സാധാരണക്കാരെ വരെ ചുട്ടെരിക്കുന്ന റഷ്യന്‍ സൈന്യത്തോട് സമുദ്ര ദേവന്‍ പ്രതികാരം ചെയ്തു എന്നായിരുന്നു ഒഡേസ മേയര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. മോസ്‌ക്വോയ്ക്ക് പുറമെ ഇപ്പോള്‍ അഡ്‌മിറല്‍ മാകറൊവിനേയും സമുദ്ര ദേവന്‍ ശിക്ഷിച്ചു എന്നും അതില്‍ പറയുന്നു. യുക്രെയിനിന്റെ കപ്പല്‍ വേധ മിസൈല്‍ ആയ നെപ്ട്യുണിനെയാണ് സമുദ്ര ദേവന്‍ എന്നതുകൊണ്ട് ഉദ്ദേശിച്ചത് എന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. കപ്പലിന് വലിയ തോതില്‍ കേടുപാടുകള്‍ ഉണ്ടായെങ്കിലും അത് ഇനിയും മുങ്ങിയിട്ടില്ലെന്ന് അദ്ദേഹം അരമണിക്കൂറിനു ശേഷം വീണ്ടും ട്വീറ്റ് ചെയ്തു.

അതിനിടയില്‍ വ്ളാഡിമിര്‍ പുടിന്റേതെന്ന് പറയപ്പെടുന്ന ഒരു ആഡംബര നൗക ഇറ്റാലിയന്‍ അധികൃതര്‍ പിടിച്ചെടുത്തു. സ്പാ, സ്വിമ്മിങ് പൂള്‍, ഹെലി-പാഡുകള്‍ തുടങ്ങിയ എല്ലാ സൗകര്യങ്ങളോടും കൂടിയ 450 അടി നീളമുള്ള നൗക ഏകദേശം 700 മില്യണ്‍ ഡോളര്‍ വിലവരുന്നതാണ്. ഇതൊരു പ്രമുഖ വ്യക്തിയുടേതാണ് എന്നതല്ലാതെ ഇതിന്റെ ഉടമസ്ഥനുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ ഒന്നും തന്നെ പുറത്തു വിട്ടിട്ടില്ല. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ പിസയ്ക്ക് സമീപമുള്ള മറീന ഡി കരാര ഡോക്കില്‍ അറ്റക്കുറ്റപ്പണികള്‍ക്കായി കയറ്റി ഇട്ടിരിക്കുകയായിരുന്നു ഇത്.

ഇറ്റലിയുടെ സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗം കഴിഞ്ഞ മാര്‍ച്ച്‌ മുതല്‍ തന്നെ ഈ നൗകയെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിരുന്നു. ഉപരോധത്തിന്റെ ഭാഗമായി ഇത് പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് ഇത് ഇറ്റാലിയന്‍ തീരം വിട്ട് പോയേക്കും എന്ന അഭ്യുഹം പരന്നിരുന്നു. അതിനിടയിലാണ് ഇന്നലെ രാത്രി നൗക പിടിച്ചെടുത്തുകൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. റഷ്യന്‍ ഭരണകൂടത്തിലെ ഉന്നതങ്ങളുമായി ഈ നൗകക്ക് ബന്ധമുണ്ടെന്ന് നേരത്തേ ഇറ്റാലിയന്‍ സാമ്ബത്തിക കുറ്റാന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.

റഷ്യന്‍ എണ്ണ രാജാവായ ഏഡ്വേര്‍ഡ് കുഡൈനറ്റോവിന്റെതാണ് ഈ നൗക എന്ന് ചിലര്‍ പറയുന്നുണ്ട്. എന്നാല്‍, പുടിന്‍ വിരുദ്ധ പക്ഷത്തിലെ പ്രമുഖനായ അലക്സി നവാല്‍നിയുടെ അനുയായികള്‍ ഉറപ്പിച്ചു പറയുന്നത് ഇത് പുടിന്റെതാണ് എന്നാണ്. ഇതിലെ ജീവനക്കാരില്‍ ഭൂരിഭാഗവും പുടിന് സുരക്ഷയൊരുക്കുന്ന ഫെഡറല്‍ പ്രൊട്ടക്ഷന്‍ സര്‍വ്വീസിലെ ജോലിക്കാരാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.