ജാർഖണ്ഡിൽ മുഖ്യമന്ത്രി ഹേമന്ദ് സോറന്‍റെ വിശ്വസ്തയും ഖനന വകുപ്പ് സെക്രട്ടറിയുമായ പൂജാ സിംഗാളിനെതിരായ ഇഡി റെയ്ഡിൽ വൻ തുക കണ്ടെടുത്തു. പൂജയുടെ ചാർട്ടേഡ് അക്കൗണ്ടിന്‍റെ വീട്ടിൽ നിന്ന് 19കോടി രൂപയാണ് പിടിച്ചെടുത്തത്. കേന്ദ്രം ഭരിക്കുന്ന ബിജെപി ഇഡിയെ ഉപയോഗിച്ച് പേടിപ്പെടുത്താൻ നോക്കുകയാണെന്നായിരുന്നു ഹേമന്ദ് സോറന്‍റെ പ്രതികരണം.

പൂജാ സിംഗാളിന്‍റെ ചാർട്ടേഡ് അക്കൗണ്ടിന്‍റെ റാഞ്ചിയിലെ വീട്ടിൽ 4 പണമെണ്ണുന്ന യന്ത്രമെത്തിച്ചാണ് ആകെ തുക തിട്ടപ്പെടുത്തിയത്. 500ന്‍റെയും 2000ന്‍റെയുമെല്ലാം നോട്ടുകളായി 19 കോടി രൂപയാണ് പിടിച്ചെടുത്തത്. സമീപകാലത്തെ ഇഡിയുടെ വമ്പൻ കള്ളപ്പണ വേട്ടയാണിത്.

2008-2011 കാലത്ത് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് 18 കോടി വെട്ടിച്ച കേസിൽ കുന്തീ ജില്ലയിലെ ഒരു ജൂനിയർ എഞ്ചിനീയറെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. അക്കാലത്ത് ജില്ലാ കളക്ടറായിരുന്ന പൂജാ സിംഗാളിനും പങ്ക്കൊടുത്തെന്നായിരുന്നു പ്രതിയുടെ വെളിപ്പെടുത്തൽ. ആ കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ റെയ്ഡെന്ന് ഇഡി പറയുന്നു. പഞ്ചാബ്,ബീഹാർ,മഹാരാഷ്ട്ര, ബംഗാൾ, ജാർഖണ്ഡ് അങ്ങനെ 5 സംസ്ഥാനങ്ങളിൽ ഒരേ സമയം റെയ്ഡ് നടന്നു. പൂജയുടെ ഭർത്താവ് എംഡിയായ റാഞ്ചിയിലെ ആശുപത്രിയടക്കം ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയുമെല്ലാം ഓഫീസുകളിലും വീടുകളിലുമെല്ലാം ഉദ്യോഗസ്ഥരെത്തി.

ഖനനത്തിന് അനധികൃതമായി ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഹേമന്ദ് സോറന് നേരെ ആരോപണങ്ങൾ ഉയർന്ന് വന്നതിന് പിന്നാലെയാണ് ഇഡിയുടെ ഈ നീക്കം. ജാർഖണ്ഡിൽ അധികാരം നഷ്ടപ്പെട്ട ബിജെപി ഇഡിയെ പ്രതികാരത്തിന് ഉപയോഗിക്കുകയാണെന്നാണ് ഹേമന്ദ് സോറന്‍റെ പ്രതികരണം.