റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ക്യാൻസർ രോഗത്തിന് ചികിത്സയിലാണെന്നും അദ്ദേഹത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടതിനാൽ അധികാരം കൈമാറുകയാണെന്നുമാണ് റിപ്പോർട്ട്. യുഎസ് മാധ്യമമായ ന്യൂയോർക്ക് പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

റഷ്യൻ സുരക്ഷാ കൗൺസിൽ സെക്രട്ടറി നിക്കോളൈ പട്രുഷേവിന് അധികാരം താൽക്കാലികമായി കൈമാറുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. പുടിൻ ഒരു ഓപ്പറേഷന് വിധേയനാകണമെന്ന് ഡോക്ടർമാർ പറഞ്ഞതായി റിപ്പോർട്ടിലുണ്ട്. ഒരു മുൻ റഷ്യൻ ഫോറിൻ ഇൻറലിജൻസ് സർവീസ് ലഫ്റ്റനൻ്റ് ജനറൽ നടത്തുന്നതെന്നു പറയപ്പെടുന്ന ടെലഗ്രാം ചാനലിനെ ഉദ്ധരിച്ചാണ് യുഎസ് മാധ്യമത്തിൻ്റെ വാർത്ത.

ചികിത്സയുടെ ഭാഗമായി കുറച്ചു കാലത്തേയ്ക്ക് പുടിനു അധികാരത്തിൽ നിന്ന് മാറി നിൽക്കേണ്ടതായി വന്നേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നിരുന്നാലും മാധ്യമ റിപ്പോർട്ടുകൾ സ്ഥിരീകരിക്കാൻ കഴിയില്ലെന്ന് പെന്റഗൺ വക്താവ് ജോൺ കിർബി പറഞ്ഞു. അവധിയിൽ പോകേണ്ടതിനാൽ ഏതാനും ദിവസം മുൻപ് സുരക്ഷാ കൗൺസിൽ സെക്രട്ടറിയുമായി പുടിൻ വിശദമായ ചർച്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ.

ഏറെക്കാലം പട്രുഷേവിൻ്റെ കൈയ്യിൽ അധികാരം ഏൽപ്പിക്കാൻ പുടിൻ തയ്യാറായേക്കില്ലെന്നും രണ്ടോ മൂന്നോ ദിവസം മാത്രമായിരിക്കും പട്രുഷേവിന് പ്രത്യേക ചുമതലകൾ ഉണ്ടായിരിക്കുക എന്നും ടെലിഗ്രാം ചാനൽ
അവകാശപ്പെടുന്നു.