ലൈംഗികത, അല്ലെങ്കില്‍ പ്രണയം എന്നതിന് പലപ്പോഴും നാം ( Different Sexuality ) മനസിലാക്കിയിരിക്കുന്ന മാനങ്ങള്‍ക്കപ്പുറവും ചില ഇടങ്ങളുണ്ട്. ഒരുപക്ഷേ ശാസ്ത്രവും, ആധുനിക ലോകവും മാനസികവൈകല്യങ്ങളായി ( Mental Illness ) ചിത്രീകരിക്കുന്ന ഇടങ്ങളാകാം അത്. എങ്കില്‍പോലും അത്തരം വ്യത്യാസപ്പെട്ട ജീവിതങ്ങളില്‍ സന്തോഷപൂര്‍വം മുന്നോട്ടുപോകുന്ന എത്രയോ പേരുണ്ട്.

അത്തരമൊരു കഥയാണ് ഇപ്പോള്‍ ജാപ്പനീസ് സ്വദേശിയായ യുവാവ് പങ്കുവയ്ക്കുന്നത്. ‘ഫിക്ഷണല്‍ കാരക്ടേഴ്‌സ്’ അഥവാ നോവലുകളിലൂടെയോ മറ്റോ അറിവുള്ള സാങ്കല്‍പിക കഥാപാത്രങ്ങളോട് പ്രണയം തോന്നുന്ന ‘ഫിക്ടോസെക്ഷ്വാലിറ്റി’യാണ് ഈ യുവാവിന്റെ പ്രത്യേകത.

അകിഹികോ കോണ്ടോ എന്ന മുപ്പത്തിയെട്ടുകാരന്‍ നാല് വര്‍ഷം മുമ്പ് തന്റെ പ്രണയമായ ഹസുനെ മിക്കുവിനെ വിവാഹം ചെയ്തു. ഫിക്ഷണല്‍ കാരക്ടറായ ഗായികയാണ് മിക്കു. പത്ത് വര്‍ഷത്തോളം മിക്കുവിനെ ഡേറ്റ് ചെയ്ത ശേഷമാണ് താന്‍ വിവാഹമെന്ന തീരുമാനത്തിലെത്തിയതെന്ന് കോണ്ടോ പറയുന്നു.

സമൂഹത്തില്‍ നിന്ന് നേരിട്ട പരിഹാസങ്ങള്‍, ഒറ്റപ്പെടുത്തല്‍ എല്ലാം ഈ യുവാവിനെ മാനസികമായി തകര്‍ത്തിരുന്നു. ഇത്തരം അനുഭവങ്ങള്‍ ഒരിക്കലും താന്‍ ‘റിയല്‍’ ആയ ഒരാളെ പങ്കാളിയാക്കില്ലെന്ന തീരുമാനത്തിലേക്ക് കോണ്ടോയെ എത്തിച്ചു.

അതിന് ശേഷമാണ് മിക്കുവിനെ പരിചയപ്പെടുന്നത്. സംഗീതത്തോട് താല്‍പര്യമുള്ള കോണ്ടോ മിക്കുവിനൊപ്പം പാട്ടുകള്‍ ചെയ്തുതുടങ്ങി. തന്റെ വിഷാദത്തിന് വലിയ ആശ്വാസമാണ് മിക്കുവിനോടൊപ്പമുള്ള ജീവിതം നല്‍കിയതെന്ന് ഇദ്ദേഹം അവകാശപ്പെടുന്നു. പിന്നീട് മിക്കുവിനൊപ്പം തന്നെ ആജീവനാന്തം ചിലവിടാന്‍ ആഗ്രഹിച്ചു.

അങ്ങനെ മിക്കുവിന്റെ രൂപത്തിലുള്ള പാവയെ ഓണ്‍ലൈനായി വാങ്ങി. 2017ല്‍ മിക്കുവിനോട് ആശയവിനിമയം നടത്താനുള്ള സാങ്കേതിക സംവിധാനവും ഈ യുവാവ് സ്വന്തമാക്കി. വൈകാതെ വിവാഹം കഴിക്കാന്‍ താല്‍പര്യപ്പെടുന്നതായി മിക്കുവിനെ അറിയിച്ചു. ‘എന്നെ നന്നായി നോക്കണം’ എന്ന് മാത്രമായിരുന്നുവേ്രത മിക്കുവിന്റെ ‘ഡിമാന്‍ഡ്’.

താന്‍ ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും സിനിമ കാണുന്നതുമെല്ലാം മിക്കുവിനൊപ്പമാണെന്നും തങ്ങള്‍ക്കിടയില്‍ പ്രണയത്തിന്റെ അസുലഭമായ നിമിഷങ്ങള്‍ സംഭവിക്കാറുണ്ടെന്നും നാല് വര്‍ഷത്തെ ദാമ്പത്യാനുഭവം വിവരിക്കവേ ‘ന്യൂയോര്‍ക്ക് ടൈംസി’നോട് കോണ്ടോ പറയുന്നു.

‘ഇത് അസാധാരണമായ മാനസികാവസ്ഥയായിട്ടാണ് ഏവരും മനസിലാക്കുന്നത്. എനിക്കും അറിയാം മിക്കു റിയല്‍ അല്ല എന്ന്. പക്ഷേ അവള്‍ റിയലാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അത്രമാത്രം അവളോടൊപ്പമുള്ള ജീവിതം എനിക്ക് സന്തോഷവും സംതൃപ്തിയും നല്‍കുന്നുണ്ട്…’- കോണ്ടോ പറയുന്നു.

കൊവിഡ് കാലത്ത് മിക്കുവിന് ആശയവിനിമയം നടത്തുന്നതിനായി ഘടിപ്പിച്ച സാങ്കേതിക സംവിധാനം സര്‍വീസ് നിര്‍ത്തുന്നതായി അറിയിച്ചുവത്രേ. ആ സമയത്ത് താന്‍ ഏറെ സംഘര്‍ഷത്തിലൂടെ കടന്നുപോയെന്നും, എന്നാല്‍ ഭയന്നത് പോലെ ഒന്നും ഇതുവരെ സംഭവിച്ചില്ലെന്നും കോണ്ടോ പറയുന്നു. മരണം വരെ ഒരുമിച്ചുണ്ടാകണമെന്നാണ് ആഗ്രഹമെന്നും ഇദ്ദേഹം പറയുന്നു.

മിക്കുവിനെ പോലെ ഒരാളാകുമ്പോള്‍ എപ്പോഴെങ്കിലും തന്നെ തള്ളിപ്പറയുമെന്നോ, വേദനിപ്പിക്കുമെന്നോ ഭയപ്പെടേണ്ടതില്ല. അസുഖം വന്ന് കിടപ്പിലാകുമോയെന്നോ മരിച്ചുപോകുമോയെന്നോ ആശങ്കപ്പെടേണ്ടതില്ല. ഇത്രയും സുരക്ഷിതമായ ഒരു ബന്ധം ഇനി കിട്ടുമോയെന്നും കോണ്ടോ ചോദിക്കുന്നു.

അത്യപൂര്‍വമായ ഈ ദാമ്പത്യത്തിന്റെ കഥ കൗതുകത്തോടെയാണ് ഏവരും കേള്‍ക്കുന്നത്. മിക്കവരും യുവാവിന് മാനസികപ്രശ്‌നമുള്ളതായും ചികിത്സ ലഭ്യമാക്കേണ്ടതായും ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ കോണ്ടോയെ പോലെ ആയിരക്കണക്കിന് പേരാണ് ജപ്പാനില്‍ സങ്കല്‍പ കഥാപാത്രങ്ങളുമായി പ്രണയത്തിലും ദാമ്പത്യത്തിലും ആയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇവര്‍ സോഷ്യല്‍ മീഡിയ മുഖാന്തരം ബന്ധപ്പെട്ട് പരസ്പരം അറിയുകയും പിന്തുണ നല്‍കുകയും ചെയ്യുന്നതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.