പാകിസ്താനിലെ ഭീകരാക്രമണത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ച് ചൈന. കറാച്ചി ചാവേറാക്രമണത്തിൽ അതിവേഗം അന്വേഷണം പൂർത്തിയാക്കണമെന്നാണ് ചൈന ആവശ്യപ്പെട്ടിരിക്കുന്നത്. ചാവേറായി ഒരു സ്ത്രീയാണ് ബോംബാക്രമണം നടത്തിയത്. ബലൂചിസ്താൻ ലിബറേഷൻ ആർമി ഉത്തരവാദിത്തം ഏറ്റെടുത്തു കഴിഞ്ഞു. ചൈനയുടെ സ്ഥാപനങ്ങളേയും ഉദ്യോഗസ്ഥരേയും കൊലപ്പെടുത്തുമെന്ന മുന്നറിയിപ്പ് ബലൂച് ഭീകരർ നൽകിയിരുന്നത് ചൈന ഓർമ്മിപ്പിച്ചു.

ബൂലൂച് മേഖലയിലെ പ്രകൃതി വിഭവങ്ങൾ മുഴുവൻ ചൂഷണം ചെയ്യുന്ന ചൈനയെ മേഖലയിൽ നിന്നും തുരുത്തുമെന്നും പ്രക്ഷോഭകാരികൾ പലതവണ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ചൈന ആരോപിച്ചു. പ്രവിശ്യ ഇമ്രാൻഖാൻ ഭരണകൂടം ചൈനയ്‌ക്ക് തീറെഴുതിയെന്നും കൈമാറിയെന്നാരോപിച്ച് ബലൂച് ജനങ്ങൾ നിരന്തരം പ്രക്ഷോഭ ത്തിലാണ്. ഇതിനിടെയാണ് ബസ്സിന് നേരെ ഭീകരാക്രമണം നടന്നത്.

കറാച്ചിൽ ചൈനയുടെ എഞ്ചിനീയർമാരടക്കം സഞ്ചരിച്ചിരുന്ന ബസ്സിന് നേരെയാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ട നാലിൽ മൂന്ന് പേരും ചൈനയിൽ നിന്നുള്ളവരായിരുന്നു. ഇതിന് മുമ്പ് 9 ചൈനീസ് എഞ്ചിനീയർമാർ കൊല്ലപ്പെട്ട ബോംബ് സഫോടനം നടന്ന് ഒരു വർഷത്തിനിടെയാണ് രണ്ടാമത്തെ സംഭവവും നടന്നിരിക്കുന്നത്. പാകിസ്താനിലെ എല്ലാ വൻകിട പദ്ധതികളുടേയും നിർമ്മാണം നടത്തുന്നത് ചൈനീസ് കമ്പനികളായതിനാൽ ഭീകരരുടെ നിരന്തരഭീഷണിയാണ് ചൈനീസ് എഞ്ചിനീയർമാർ നേരിടുന്നത്.

ബോംബ് സ്‌ഫോടനങ്ങൾ തുടർക്കഥയാകുന്ന പാകിസ്താനിൽ അന്വേഷണം ഇഴഞ്ഞുനീങ്ങു ന്നതിനെതിരെ ചൈന അതിരൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്. ഒരു വർഷം മുമ്പ് നടന്ന സ്‌ഫോടനത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല എന്ന അതൃപ്തി ഇസ്ലാമാബാദിലെ ചൈനീസ് എംബസി അറിയിച്ചിരുന്നു, പിന്നാലെയാണ് കറാച്ചി സ്‌ഫോടനത്തിൽ ചൈനയ്‌ക്ക് വീണ്ടും ആൾനാശമുണ്ടായിരിക്കുന്നത്.