ഗൂഢാലോചന കേസിൽ ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വാദം തുടങ്ങി. പ്രതികളുടെ പശ്ചാത്തലം കൂടി പരിഗണിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. സമാനതകളില്ലാത്ത കുറ്റകൃത്യത്തിൽ നിന്നാണ് കേസിന്റെ തുടക്കമെന്നും സഹപ്രവർത്തകയെ പീഡിപ്പിച്ചതിന്റ വിഡിയോ ലഭിക്കാൻ ക്വട്ടേഷൻ നൽകിയവരാണ് പ്രതികളെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഡി വൈഎസ് പി ബൈജു പൗലോസും ബാലചന്ദ്ര കുമാറും തമ്മിൽ ഒരു ബന്ധവുമില്ല. ദിലീപിന് ജാമ്യത്തിന് അർഹതയില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.

അതിനിടെ ഗൂഢാലോചന കേസിൽ ആലുവ കോടതിയിൽ നിന്ന് പ്രതികളുടെ ഫോണുകൾ അന്വേഷണ സംഘം കൈപ്പറ്റി. ഫോണുകൾ ഇന്ന് തിരുവനന്തപുരം ഫൊറൻസിക് സയൻസ് ലാബിൽ എത്തിക്കും. അതേസമയം ഗൂഢാലോചന കേസിൽ ശബ്‌ദ പരിശോധനയ്ക്ക് ഹാജരാകാൻ പ്രതികൾക്ക് നോട്ടിസ്. ഇന്ന് രാവിലെ ഹാജരാകാനാണ് പ്രതികൾക്ക് നിർദേശം നൽകിയത്. എന്നാൽ ക്രൈംബ്രാഞ്ച് നൽകിയ നോട്ടിസ് പ്രതികൾ കൈപ്പറ്റിയിട്ടില്ല . വീടുകളിൽ നോട്ടിസ് പതിപ്പിച്ച് ക്രൈം ബ്രാഞ്ച് സംഘം മടങ്ങി

അതേസമയം കേസ് ബാലചന്ദ്രകുമാറിനെ ഉപയോഗിച്ച് അന്വേഷണ സംഘം കെട്ടിച്ചമച്ചതാണെന്ന് ചിത്രീകരിക്കുന്ന തരത്തിലായിരുന്നു ദിലീപ് ഇന്നലെ ഹൈക്കോടതിയിൽ നടത്തിയ വാദങ്ങൾ.
കേസിന്റെ എഫ്.ഐ.ആറും, ബാലചന്ദ്രകുമാർ നൽകിയ ശബ്ദരേഖയുടെ ആധികാരികതയും ചോദ്യം ചെയ്തായിരുന്നു പ്രതിഭാഗത്തിന്റെ നിർണ്ണായക നീക്കം.

നടിയെ ആക്രമിച്ച കേസിലെ വീഴ്ച്ചകൾ മനസ്സിലാക്കി തനിക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്ത് കൃത്രിമ തെളിവുണ്ടാക്കുകയായിരുന്നു അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ബൈജു പൗലോസിനെതിരെ ഡിജിപിക്ക് പരാതി നൽകിയതിലുള്ള വൈരാഗ്യവും കേസിനു കാരണമായെന്നും ദിലീപ് കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.