കൃഷ്‌ണദാസ്‌ എന്ന പുസ്തകപ്രേമി ബാക്കിവെച്ച സ്വപ്നം ബെന്നി കുര്യനിലൂടെ യാഥാർഥ്യമാകുന്നു

ഫ്രാൻസിസ് തടത്തിൽ

അമേരിക്കൻ എഴുത്തുകാരുടെ തെരഞ്ഞെടുത്ത പ്രവാസ കഥകൾ  കേരളത്തിലെ പ്രമുഖ പബ്ലിഷിംഗ്‌ സ്ഥാപനമായ ഗ്രീൻബുക്സ് പ്രസദ്ധീകരിക്കുന്നു. നോർത്ത് അമേരിക്കൻ പ്രവാസികളായ  അറുപത്തഞ്ച് എഴുത്തുകാരുടെ  അറുപത്തഞ്ച് കഥകൾ  ഈ സമാഹാരത്തെ വ്യത്യസ്തമാക്കുന്നു. പുസ്തക പ്രേമിയും കേരളത്തിലെ പ്രമുഖ പ്രസാധക സ്ഥാപനങ്ങളിലൊന്നായ  ഗ്രീൻബുക്ക്സിന്റെ എം.ഡിയുമായിരുന്ന പരേതനായ കൃഷ്‌ണദാസിന്റെ നടക്കാതെ പോയ മോഹമാണ് അദ്ദേഹത്തിന്റെ സുഹൃത്തും ന്യൂജേഴ്സിക്കാരനുമായ ബെന്നി കുര്യനെന്ന മറ്റൊരു സാഹിത്യ പ്രേമിയിലൂടെ യാഥാർഥ്യമാകുന്നത്.

നോർത്ത് അമേരിക്കയിലെയും കാനഡയിലേയും 65 എഴുത്തുകാരുടെ 65 കഥകൾ സമാഹരിച്ച്‌ എഡിറ്റു ചെയ്ത ബെന്നി ബഹൃത്തായ ഈ കഥാ സമാഹാരം പുറത്തിറക്കാനുള്ള അവസാന മിനുക്കു പണിയിലാണ്. ഫൊക്കാനയുടേയും മറ്റ് അനേകം സോവനീയറുകളുടേയും  പുസ്തകങ്ങളുടേയും എഡിറ്ററാണ് ബെന്നി. ഗ്രീൻ ബുക്സ്, ഡി.സി. ബുക്ക്സ് തുടങ്ങിയ പ്രസാധകർ പ്രസിദ്ധീകരിച്ച 3000 ത്തോളം പുസ്തകങ്ങളുടെ കവർ രൂപകൽപ്പന ചെയ്തിട്ടുള്ള പ്രമുഖ കവർ ഡിസൈനർ രാജേഷ് ചേലോട് ആണ് ഈ പുസ്തകത്തിന്റെയും കവർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഐ.ടി. എഞ്ചിനീയറും സാഹിത്യകാരനുമായ ബെന്നിയെയാണ്  ഏതാണ്ട് രണ്ട്  വർഷം മുൻപ്  ഗ്രീൻ ബുക്സിന്റെ വെബ്സൈറ്റ് നവീകരിച്ച് ഓൺലൈൻ പബ്ലിക്കേഷൻ പ്ലാറ്റ്‌ഫോം തയാറാക്കാൻ കൃഷ്ണദാസ് ചുമതലയേൽപ്പിക്കുന്നത്. സാഹിത്യത്തോടും പുസ്തകങ്ങളോടുമുള്ള ഒടുങ്ങാത്ത അഭിനിവേശമാണ്  ബെന്നി കുര്യൻ എന്ന ഐ.ടി. എഞ്ചിനീയറെ കൃഷ്ണദാസുമായുള്ള  ഏറെ അടുത്ത സൗഹൃദത്തിലേക്ക് വഴി വയ്ക്കുന്നത്.

ഗൾഫിൽ പ്രവാസ ജീവിതം നയിച്ചിരുന്ന കൃഷ്ണദാസ്  പുസ്തകങ്ങളോട് തനിക്കുണ്ടായിരുന്ന അതിയായ സ്നേഹവും ആത്മബന്ധവുമാണ് ഗ്രീൻബുക്ക്സ് എന്ന കേരളത്തിലെ രണ്ടാമത്തെ വലിയ പ്രസാധക സ്ഥാപനം തുടങ്ങുന്നതിനു നിമിത്തമായത്.  വെബ് ഡിസൈനിംഗ് ജോലികളുമായി ബന്ധപ്പെട്ട്  കൃഷ്ണദാസുമായുള്ള ബെന്നിയുടെ സംഭാഷണങ്ങൾ പലപ്പോഴും എത്തി നിൽക്കുന്നത് സാഹിത്യ ചർച്ചകളിലും എഴുത്തുകാരിലുമൊക്കെയായിരുന്നു. അങ്ങനെ ആ ബന്ധം ബിസിസ്സിലുമപ്പുറം ഒരു വലിയ സ്നേഹബന്ധത്തിന്റെ ഇഴകളാൽ ചേർക്കപ്പെടുകയായിരുന്നു.

ഒരിക്കൽ ഇതുപോലൊരു സ്വകാര്യ സാഹിത്യ ചർച്ചയ്ക്കിടെ കൃഷ്ണദാസ് ചോദിച്ചു.”ബെന്നി, അമേരിക്കൻ മലയാളികളുടെ കുടിയേറ്റ അനുഭവങ്ങൾ ഉൾപ്പെടുന്ന ജീവസ്സുറ്റ കഥകൾ ഒന്നും കണ്ടിട്ടില്ലല്ലോ. അത്തരം കുറച്ച് അനുഭവങ്ങൾ വായനക്കാരിലെത്തിക്കുന്നത് നല്ലതല്ലേ?” . അമേരിക്കൻ മലയാളികളുടെ കുടിയേറ്റ അതിജീവന കഥകൾ നിരവധി എഴുത്തുകാർ കഥ, അനുഭവക്കുറുപ്പുകൾ, യാത്രാവിവരണങ്ങൾ എന്നിങ്ങനെ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഇപ്പോഴും പുതിയ പുതിയ കഥകൾ ഇറങ്ങാറുണ്ടെന്നും ബെന്നി മറുപടി പറഞ്ഞപ്പോൾ കൃഷ്ണദാസിന് അതൊരു പുതിയ അറിവായിരുന്നു. 

 
 ഒരു പ്രവാസിയും എഴുത്തുകാരനും ആയിരുന്ന കൃഷ്ണദാസിന്  പ്രവാസ മണ്ണിലെ കഥകളുടെ സ്വര്‍ണ്ണഖനിയെ നല്ലവണ്ണം അറിയാമായിരുന്നു. അത്യാവേശത്തോടെ ഉടൻ തന്നെ അദ്ദേഹം പറഞ്ഞു ” നമുക്കത് വേണം. ബെന്നി മുൻകൈയ്യെടുത്ത് ഒരു കഥാ സമാഹാരമുണ്ടാക്കണം. അധികമൊന്നും വേണ്ട, 20- 25 പേരുടെ കഥകളെങ്കിലും മതിയാകും.” 25 എന്ന കൃഷ്ണദാസിന്റെ ആഗ്രഹം തീർച്ചയായും മറികടക്കാനാവുമെന്ന ആത്മവിശ്വാസം ബെന്നിക്കുണ്ടായിരുന്നു.

ചർച്ചകൾ നടന്നുകൊണ്ടിരിക്കെ ഏതാണ്ട് ഒരു വർഷം മുൻപ് 2021 ജനുവരിയിൽ തന്റെ ഈ സംരംഭത്തെക്കുറിച്ച് സാഹിത്യ രംഗത്തും അല്ലാതെയുമുള്ള അടുത്ത സുഹൃത്തുക്കളുമായി പങ്കുവെച്ചു. ആവേശകരമായ സ്വീകരണം ലഭിച്ചപ്പോൾ അറിയാവുന്ന എല്ലാ സോഴ്സുകളിലും ഈ സന്ദേശമെത്തിച്ചു. കൃത്യം ഒരു മാസത്തിനുള്ളിൽ 30ൽപ്പരമെഴുത്തുകാരുടെ കഥകൾ ലഭിച്ചു. ഇതറിഞ്ഞ കൃഷ്ണദാസ് ആശ്ച്ചര്യഭരിതനായി. തനിക്കറിയാവുന്ന ഏതാനും അമേരിക്കൻ മലയാളി എഴുത്തുകാരെ അദ്ദേഹം നേരിട്ടും വിളിച്ചു. 

 
കാര്യങ്ങൾ ഇങ്ങനെ നീങ്ങവേ, ലോകത്തെ മുഴുവൻ മന്ദീഭവിപ്പിച്ച കോവിഡ് മഹാമാരിയുടെ പോരാട്ടത്തെ വകവയ്ക്കാതെ നീങ്ങവേ, നടുങ്ങുന്ന ഒരു വാർത്ത കേട്ടാണ് ഓഗസ്റ്റ്‌ ഒന്നാം തിയതി ബെന്നി ഉണരുന്നത്. “ദാസ് പോയി ബെന്നി” – മറുതലയ്ക്കൽ ഗ്രീൻ ബുക്ക്സ്  എം.ഡി. സുഭാഷ് ആയിരുന്നു. ഏതാനും ആഴ്ചകൾ മുൻപ്  ഒരു ചെക്കപ്പിനു പോവുകയാണെന്നും രണ്ടാഴ്ചത്തേക്ക് ഫോൺ ഓഫ് മോഡിൽ ആയിരിക്കുമെന്ന് പറഞ്ഞെങ്കിലും അത് അനന്തമായി ഓഫ് മോഡിൽ ആയിരിക്കുമെന്ന് ബെന്നി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

ദിവസങ്ങൾ, മണിക്കൂറുകൾ നീണ്ട ചർച്ചകളിലും സംഭാഷങ്ങളിലുമൊന്നും ഒരിക്കലും കടന്നു വരാതിരുന്ന ആ സ്വകാര്യ ദുഃഖത്തെക്കുറിച്ച് കൃഷ്ണദാസ് ഒരിക്കലും ബെന്നിയോട് പറഞ്ഞിരുന്നില്ല. വർഷങ്ങളായി തന്റെ പിന്നാലെ വിടാതെ പിടികൂടിയിരിക്കുന്ന കാൻസർ എന്ന ക്ഷണിക്കപ്പെടാത്ത അതിഥിയുമായി നിരന്തരമായ കലഹത്തിലായിരുന്നു അദ്ദേഹമെന്ന വിവരം അധികം ആരും അറിയാതെ തന്റെ സ്വകാര്യ ദുഃഖമായി അദ്ദേഹം ഒളിപ്പിച്ചുവെച്ചു. കാൻസർ എന്ന കലഹപ്രിയനുമായി  ഇടക്കിടെയുണ്ടാകുന്ന വഴക്കിലും പോരാട്ടത്തിലും വിജയം എപ്പോഴും കൃഷ്ണദാസിനൊപ്പമായിരുന്നു. അങ്ങനെ അവർ സമരസപ്പെട്ടു കഴിയുമ്പോഴാണ് അവസാനത്തെ കലഹത്തിൽ കൃഷ്ണദാസ് കീഴടങ്ങുകയും അവൻ വിജയിക്കുകയും ചെയ്തത്.

ഉറക്കമാണോ സ്വപ്നമാണോ.., രണ്ടുമല്ല. യാഥാർഥ്യം തന്നെ. ഉറക്കത്തിൽ നിന്നെഴുന്നേറ്റ ബെന്നി ഒരു നിമിഷം നിർന്നിമേഷവാനായി മരവിച്ച മനസോടെ ചിന്തിച്ചിരുന്നു. എന്തുകൊണ്ട് ആ മനുഷ്യൻ ഇതെന്നിൽ നിന്നും മറച്ചു വച്ചു? ഉത്തരം കിട്ടാത്ത ഒരുപാടു ചോദ്യങ്ങൾക്കു മുൻപിൽ ബെന്നിയെന്ന സാഹിത്യപ്രേമിക്ക് വിതുമ്പിക്കരയാൻ മാത്രമേ കഴിഞ്ഞുള്ളു. തന്റെ ഉറക്കമില്ലാത്ത രാത്രികളെ ആഹ്ലാദഭരിതമാക്കിയിരുന്ന അവേശകരമായ സാഹിത്യ ചർച്ചകൾ നടന്നിരുന്ന ഫോൺ കോളുകൾ എന്നന്നേയ്‌ക്കുമായി നിലച്ചു. രാത്രികാലങ്ങളിലെ ആ ഫോണിന്റെ മണിമുഴക്കം നിലച്ചു.  തന്നിൽ ആവേശം നിറച്ചിരുന്ന സൗമ്യഭാഷണിയുടെ സ്വപ്നങ്ങളും നിലച്ചു…. ചുരുങ്ങിയ കാലം കൊണ്ട്  ആ വലിയ മനുഷ്യൻ തനിക്ക് ആരോക്കെയോ ആയിരുന്നു. ഒരിക്കൽ ഉറങ്ങിപ്പോയ സാഹിത്യ ചിന്തകൾ തൊട്ടുണർത്തി തന്നെ ആവേശഭരിതനാക്കിയ ശേഷം അദ്ദേഹം ഇങ്ങനെ ഒരു പലായനം ചെയ്തു കളയുമെന്ന് ബെന്നി സ്വപ്നേപി കരുതിയിരുന്നില്ല. ആരായിരുന്നു തനിക്ക് കൃഷ്ണദാസ്, ഒരു സ്നേഹിതൻ? ഹേയ് അല്ല. പിന്നെ സഹോദരൻ? അതുമല്ല. ഗുരു സ്ഥാനീയൻ? അറിയില്ല. ഒന്നറിയാം. ഉറവ വറ്റിപ്പോയെന്നു കരുതിയ തന്റെ സാഹിത്യ ചിന്തകൾക്ക് തെളിനീരിന്റെ കണികകൾ കണ്ടു തുടങ്ങിയത് അദ്ദേഹവുമായി രാത്രികാലങ്ങളിൽ സംഭാഷണങ്ങൾക്കിടെ കടന്നു വന്ന സാഹിത്യ ചർച്ചകളിലൂടെയായിരുന്നു. കാണാമറയത്ത് നിന്നുകൊണ്ട് തന്നെ ആവേശം കൊള്ളിച്ച ആ സംഭാഷണങ്ങൾ ഒരു ഗന്ധർവ്വന്റേതു തന്നെയാകണം…. ചിന്തകൾ തിരമാലകൾ പോലെ അലയടിച്ചുകൊണ്ടിരുന്നു….

ഗ്രീൻ ബുക്ക്സ് എന്ന ഒരു വലിയ പ്ലാറ്റ് ഫോമിലൂടെ ഒരുപാടു വലിയ വലിയ സ്വപ്നങ്ങളായിരുന്നു കൃഷ്ണദാസ് എന്ന ആ വലിയ മനുഷ്യൻ വിഭാവനം ചെയ്തിരുന്നത്. ആ സ്വപ്നമാണ് പൊലിഞ്ഞത്‌. ഒപ്പം താൻ  മുൻ കൈയ്യെടുത്ത അമേരിക്കൻ കഥകളുടെ ഭാവിയും അനശ്ചിതത്വത്തിൽ!

നൊമ്പരപ്പെടുത്തുന്ന ഓർമ്മകളുമായി രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം ബെന്നി ഒരു കാര്യം ഉറപ്പിച്ചു. ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തിന് കൊടുത്ത വാക്കാണ്. അത് താൻ ഗ്രീൻബുക്ക്സിലൂടെ തന്നെ യാഥാർഥ്യമാക്കും. 
 
കാര്യങ്ങൾ വീണ്ടും ഉഷാറായി. 30 എന്ന നമ്പറിൽ നിന്ന് അതിവേഗം 65 എഴുത്തുകാരുടെ കഥകൾ വരെ എത്തി നിൽക്കുകയാണ് ഈ സമഗ്ര സമാഹാര ഗ്രന്ഥം.  കഴിഞ്ഞ ഒരു വർഷത്തെ ഒരുക്കം ഈ സമാഹാരത്തിനുണ്ട്. അനേക തവണയുള്ള കോവിട് ലോക്ക് ഡൌൺ, ദാസ് സാറിന്റെ അകാല വേർപാട് ഇവയെല്ലാം പ്രസദ്ധീകരണം താമസിപ്പിച്ചെന്ന് ബെന്നി പറഞ്ഞു.

“സൂക്ഷ്മമായി തിരഞ്ഞെടുത്ത ഈ ചെറുകഥകൾ വായനക്കാർക്ക് പുതിയ ചിന്തകൾ ഉണ്ടാക്കുമെന്നതിൽ തർക്കമില്ല. ഈ കൃതിയിലെ ഓരോ എഴുത്തുകാരും തന്റെ അനുഭവങ്ങളും മറ്റുള്ളവരുടെ അനുഭവങ്ങളും അമേരിക്കൻ പരിതസ്ഥിതിയിൽ താൻ കണ്ടതും അനുഭവിച്ചതുമായ  സന്ദർഭങ്ങളും സർഗാത്മകമായി വായനക്കാരനു മുന്നിൽ പറഞ്ഞുവെക്കാൻ ശ്രമിക്കുന്നത് കാണാം. ” – അവതാരികയിൽ നിന്ന്.

ഏതായാലും  കൃഷ്‌ണദാസ്‌ എന്ന പുസ്തക പ്രേമിയുടെ നടക്കാതെ പോയ സ്വപനത്തിന്റെ സാക്ഷാത്‌കരവും ആത്മസമർപ്പണവുമായും ഈ ഈ ഗ്രന്ഥത്തെ കാണാം. ഒപ്പം കൃഷ്ണദാസ് എന്ന പുസ്തക പ്രേമിക്ക് ബെന്നി എന്ന എഴുത്തുകാരൻ നൽകുന്ന ഒരു മരണാനന്തര ബഹുമതിയും.