ന്യൂഡല്‍ഹി: രാഷട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്ബ് വോട്ടര്‍മാര്‍ക്ക് സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് ഗൗരവമായ പ്രശ്നമാണെന്ന് നിരീക്ഷിച്ച്‌ സുപ്രീംകോടതി.

 

ഇക്കാര്യത്തില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കാന്‍ വ്യവസ്ഥയുണ്ടാക്കണമെന്ന് കാട്ടി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ, ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് തിരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്രസര്‍ക്കാരിനും നോട്ടീസയച്ചു. നാലാഴ്ചയ്ക്കുള്ളില്‍ വിഷയത്തില്‍ നിലപാട് അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഇത്തരം വാഗ്ദാനങ്ങളിലൂടെ രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതു ഫണ്ട് ദുരുപയോഗം ചെയ്യുകയാണെന്നും സംസ്ഥാനങ്ങളെ കടക്കെണിയിലാക്കുകയാണെന്നും ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വനി ഉപാദ്ധ്യായ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

“ഇത് ഗൗരവമായ പ്രശ്നമാണ്. സാധാരണ ബഡ്ജറ്റിനെ മറികടക്കുന്നവയാണ് ഈ സൗജന്യ പ്രഖ്യാപനങ്ങള്‍. ഇത് എങ്ങിനെ നിയമപരമായി നിയന്ത്രിക്കാനാകും. ഈ തിരഞ്ഞെടുപ്പില്‍ ഇത് നടപ്പാക്കാനാകുമോ?. മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കാനായി നേരത്തെ കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒരു യോഹം ചേര്‍ന്നു. ശേഷം എന്താണ് സംഭവിച്ചതെന്ന് അറിയില്ല.’- ചീഫ് ജസ്റ്റിസ് എന്‍.വി രമണ പറഞ്ഞു.

സൗജന്യങ്ങള്‍ വിതരണം ചെയ്യുമെന്ന് വാഗ്ദാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കുകയും തിരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ പിടിച്ചെടുക്കുകയും വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.