ഇടുക്കി എന്‍ജിനീയറിംഗ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി ഇതുവരെയും കണ്ടെത്താനായില്ല. ഒന്നാം പ്രതി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലി കത്തി ഉപേക്ഷിച്ചെന്ന പറയുന്ന സ്ഥലത്തെത്തിയാണ് ഇന്നും തെരച്ചില്‍ നടത്തിയത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിലെ മുഖ്യപ്രതി നിഖില്‍ പൈലി അടക്കം അറസ്റ്റിലായ അഞ്ചുപേരെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. നിഖില്‍ പൈലിയേയും സഹായി ജെറിന്‍ ജോജോയേയും 22 വരെയും നിതിന്‍ ലൂക്കോസ്, ജിതിന്‍ ഉപ്പുമാക്കല്‍ ,ടോണി തേക്കിലക്കാടന്‍ എന്നിവരെ 21-ാം തീയതിവരെയുമാണ് കസ്റ്റഡിയില്‍ വിട്ടിരുന്നത്.

കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെയാണ് ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസ് നേതാവായ നിഖില്‍ പൈലി ധീരജിനെ കുത്തുകയായിരുന്നു. ആഴത്തിലുള്ള മുറിവും ഹൃദയത്തിനേറ്റ പരുക്കുമാണ് ധീരജിന്റെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്. ധീരജിനൊപ്പം കുത്തേറ്റ എസ്എഫ്ഐ പ്രവര്‍ത്തകരായ അഭിജിത്ത് സുനില്‍, എ എസ് അമല്‍ എന്നിവര്‍ കഴിഞ്ഞയാഴ്ചയാണ് ഇടുക്കി മെഡിക്കല്‍ കോളജില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയത്. കൊല്ലം, തൃശ്ശൂര്‍ സ്വദേശികളായ ഇരുവരും നാട്ടിലെ ആശുപത്രികളില്‍ തുടര്‍ ചികിത്സയിലാണ്.