കൊവിഡ് അതിതീവ്ര വ്യാപന പശ്ചാത്തലത്തില്‍ സിപിഐഎം സമ്മേളനങ്ങള്‍ നടത്തുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെ ന്യായീകരണവുമായി പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ശാസ്ത്രീയ രീതി പിന്തുടര്‍ന്നാണ് സിപിഐഎം സമ്മേളനങ്ങള്‍ നടത്തുന്നത് എന്നായിരുന്നു എം എ ബേബിയുടെ വിശദീകരണം. വാക്‌സിന്‍ വിതരണത്തില്‍ കേരളമാണ് രാജ്യത്ത് ഒന്നാമത്. കൊവിഡിനെ നേരിടാന്‍ ഏറ്റവും ഫലപ്രദവും ശാസ്ത്രീയവുമായ മാര്‍ഗം വാക്‌സിനേഷന്‍ തന്നെയാണ്. ഈ വിധത്തില്‍ ശാസ്ത്രീയമായ രീതി പിന്തുടര്‍ന്നാണ് സിപിഐഎഎം സമ്മേളനങ്ങള്‍ സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സിപിഐഎം തൃശൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനങ്ങളെ വിമര്‍ശിച്ച് ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കൊവിഡ് മാനദണ്ഡം യുക്തിസഹമാണോ എന്ന് ചോദിച്ച കോടതി 50ലധികം പേര്‍ പങ്കെടുക്കുന്ന പരിപാടികള്‍ വിലക്കി. കൊവിഡ് പ്രതിരോധത്തിനായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. റിപ്പബ്ലിക് ദിനാചരണത്തിന് 50 പേരെ മാത്രമല്ലേ അനുവദിച്ചത് എന്നാണ് കോടതി ചോദിച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാത്രം എന്താണ് പ്രത്യേകതയെന്നും കോടതി ചോദിച്ചു.

കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിനെതിരെ തിരുവനന്തപുരം സ്വദേശിയായ വ്യക്തി നല്‍കിയ പൊതുതാല്‍പ്പര്യഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. കാസര്‍ഗോഡ് ജില്ലയില്‍ സിപിഐഎം സമ്മേളനം നടക്കുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളില്‍ കളക്ടര്‍ ഇളവ് നല്‍കിയതെന്നായിരുന്നു പ്രധാന ആരോപണം. ഹര്‍ജി പരിഗണിച്ചശേഷം ജില്ലയില്‍ 50 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന പരിപാടികള്‍ വിലക്കി ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.