യുഎസ്‌ ഫെഡറല്‍ റിസര്‍വ് ഉള്‍പ്പടെ വികസിത രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ കോവിഡ് ഉത്തേജന പാക്കേജുകളില്‍നിന്ന് ഘട്ടംഘട്ടമായി പിന്മാറുന്നതിന്റെ ഭാഗമായി നിരക്ക് ഉയര്‍ത്താനുള്ള നീക്കത്തിനിടെ വിപരീത ദിശയില്‍ നീങ്ങാന്‍ ചൈന.

സമ്പദ്ഘടനയെ പിടിച്ചുലയ്ക്കുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തകര്‍ച്ചയില്‍നിന്ന് കരകയറുകയെന്ന ലക്ഷ്യത്തോടെ ചൈനീസ് കേന്ദ്ര ബാങ്ക് വായ്പാ നിരക്കുകള്‍ വീണ്ടും താഴ്ത്തി. 2021ന്റെ അവസാനമാസങ്ങളില്‍ ആശങ്കയുയര്‍ത്തി വളര്‍ച്ചാനിരക്ക് മന്ദഗതിയിലായതാണ് വായ്പാ നിരക്ക് കുറയ്ക്കാന്‍ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയെ പ്രേരിപ്പിച്ചത്.

ദീര്‍ഘകാല-ഇടത്തരം വായ്പകളുടെ അടിസ്ഥാനമായ അഞ്ചുവര്‍ഷത്തെ നിരക്ക് 4.65ശതമാനത്തില്‍നിന്ന് 4.60ശതമാനമായും ഒരുവര്‍ഷത്തെ നിരക്ക് 3.8ശതമാനത്തില്‍നിന്ന് 3.70ശതമാനവുമായാണ് കുറച്ചത്. മാസങ്ങള്‍ക്കിടെ വരുത്തുന്ന രണ്ടാമത്തെ നിരക്കുകുറയ്ക്കലാണിത്.

പ്രസിഡന്റ് ഷി ജിന്‍പിങിന് നിര്‍ണായകമായ വര്‍ഷമായതിനാല്‍ വരുംമാസങ്ങളിലും നിരക്കുകുറയ്ക്കല്‍ തുടരുമെന്നുതന്നെയാണ് സൂചന. പുതിയ കോവിഡ് വകഭേദത്തിന്റെ വ്യാപനവും പ്രോപ്പര്‍ട്ടി മേഖലയിലെ പ്രതിസന്ധിയും കഴിഞ്ഞവര്‍ഷത്തെ അവസാനമാസങ്ങളില്‍ വളര്‍ച്ചയെ ബാധിച്ചതായി തിങ്കളാഴ്ച പുറത്തുവിട്ട സാമ്പത്തിക സൂചകങ്ങളില്‍നിന്ന് വ്യക്തമായിരുന്നു. ഇതേതുടര്‍ന്നാണ് തിരക്കിട്ട് നിരക്കില്‍ കുറവുവരുത്താന്‍ കേന്ദ്ര ബാങ്കിന് പ്രേരണയായത്.

ചൈനയുടെ സമ്പദ്ഘടനയില്‍ നിര്‍ണായക സ്വാധീനമുളള മേഖലയാണ് റിയല്‍ എസ്റ്റേറ്റ്. ചൈനീസ് രാഷ്ട്രീയത്തിലെ സമീപകാല കീഴ് വഴക്കങ്ങള്‍ തകര്‍ത്ത് മൂന്നാംതവണയും ഷി ജിന്‍പിങ് അധികരാത്തില്‍വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുള്ള നീക്കങ്ങള്‍ അണിയറയില്‍ സജീവമാകുകയാണ്. റിയല്‍ എസ്റ്റേറ്റ് സെക്ടറിനെ ഉയര്‍ത്തിക്കൊണ്ടുവരികയെന്നത് അതുകൊണ്ടുതന്നെ രാഷ്ട്രീയ നീക്കമായി കരുതേണ്ടിയിരിക്കുന്നു.

രാജ്യത്തെ സാമ്പത്തിക ദുര്‍ബലാവസ്ഥ സൃഷ്ടിച്ചേക്കാവുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ച് ചൈനയിലെ ഉന്നത നിയമ നിര്‍വഹണ സംഘം ഇതിനകം മുന്നറിയിപ്പ് നല്‍കിയിരുന്നു. സാമ്പത്തികമാന്ദ്യം രാജ്യത്തിന് ആഴത്തിലുള്ള മുറിവെല്‍പ്പിച്ചേക്കാമെന്നായിരുന്നു ഈ സംഘത്തിന്റെ മുന്നറിയിപ്പ്.

2022ല്‍ സ്ഥിരതയാര്‍ന്ന വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള നടപടികളുമായി മുന്നോട്ടുപോകേണ്ടതുണ്ടെന്ന് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ അധ്യക്ഷതിയില്‍ ചേര്‍ന്ന  ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി വിലിയിരുത്തിയിരുന്നു. വിപണിയില്‍ പണലഭ്യത ഉറപ്പാക്കാനും അതിലൂടെ സമ്പദ്ഘടനയ്ക്ക് കരുത്തേകാനും നിര്‍ബന്ധമായും സ്വീകരിക്കേണ്ട നടപടികളുമായി മുന്നോട്ടുപോകുമെന്ന് പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയുടെ വൈസ് ഗവര്‍ണര്‍ ലിയു ഗുവോകിയാങ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

സാമ്പത്തിക അനിശ്ചിതത്വത്തെ നേരിടാന്‍ അടിസ്ഥാന സൗകര്യമേഖലയില്‍ വന്‍കിട പദ്ധതികള്‍ ഈവര്‍ഷം തുടക്കത്തില്‍തന്നെ ആസുത്രണംചെയ്ത് നടപ്പാക്കാന്‍ ചൈനയിലെ ഉന്നത സാമ്പത്തിക ആസൂത്രണ ഏജന്‍സിയായ നാഷണല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് റിഫോം കമ്മീഷന്‍ നിര്‍ദേശംനല്‍കിയിട്ടുണ്ട്.

വസ്തു വിപണിയുടെ അമിത സ്വാധീനത്തെ ചെറുക്കാന്‍ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാര്‍ക്കുള്ള കടമെടുക്കല്‍ പരിധി കര്‍ശമായി നടപ്പാക്കാന്‍ കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ നീക്കംനടത്തിയിരുന്നു. സര്‍ക്കാരിന്റെ ഇത്തരം നിയന്ത്രണങ്ങള്‍ വന്‍കിട റിയല്‍ എസ്റ്റേറ്റ് ഭീമന്മാരെപ്പോലും പ്രതിസന്ധിയിലാക്കുകയാണുണ്ടായത്.