തിരുവനന്തപുരം : ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായ റഫീഖ ബീവിക്കും മകനും മറ്റൊരു കൊലപാതകത്തിലും പങ്കുള്ളതായി തെളിഞ്ഞു.

കഴിഞ്ഞ വര്‍ഷം വിഴിഞ്ഞത്ത് കൊല്ലപ്പെട്ട പതിനാലുകാരിയുടെ മരണത്തിലാണ് ഇവര്‍ക്ക് പങ്കുള്ളത്. വീട്ടമ്മയുടെ മരണത്തില്‍ വാടക വീടിന്റെ ഉടമസ്ഥനെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച മൊഴിയാണ് ഈ കൊലപാതകത്തിലേക്ക്

എത്തിയത്. മകന്‍ കാരണം ഒരു പെണ്ണ് ചത്തു എന്ന് റഫീഖ തന്നോട് പറഞ്ഞിട്ടുള്ളതായി വീട്ടുടമ പറഞ്ഞു. ഇതേ തുടര്‍ന്ന് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് പതിനാലുകാരിയുടെ മരണത്തെ കുറിച്ച്‌ കൂടുതല്‍ വിവരം ലഭിച്ചത്. രണ്ട് കൊലപാതകങ്ങളും ഒരു വര്‍ഷത്തെ ഇടവേളയില്‍ ഒരേ മാസത്തിലെ ഒരേ തീയതികളിലായാണ് നടന്നത്. ഇതിന് പിന്നില്‍ എന്തെങ്കിലും ഉണ്ടോ എന്നതും ദുരൂഹമാണ്.

പതിനാല് കാരിയെ റഫീഖയുടെ മകന്‍ ഷെഫീഖ് പീഡിപ്പിച്ചതിനെ തുടന്നാണ് കൊലപ്പെടുത്തിയത്. വിവരം പുറത്താരും അറിയാതിരിക്കാന്‍ ചുറ്റിക കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ശാന്തകുമാരിയെ സംഘം കൊലപ്പെടുത്തിയ അതേ ചുറ്റികയാണ് ഉപയോഗിച്ചത്. അയല്‍വാസിയായ പെണ്‍കുട്ടിയെ അന്ന് ആശുപത്രിയിലെത്തിക്കാനായി മുന്നില്‍ നിന്നത് റഫീഖയായിരുന്നു. വീട്ടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടത്തി എന്നാണ് പ്രചരിപ്പിച്ചത്. ഈ കൊലപാതകത്തിന് ശേഷം പൊലീസ് അന്വേഷണം നടത്തിയെങ്കിലും കുറ്റവാളികളെ കണ്ടെത്താനായില്ല. താമസിയാതെ വാടക വീട് ഉപേക്ഷിച്ച്‌ റഫീഖയും മകനും ഇവിടം വിടുകയായിരുന്നു.

വീട്ടമ്മയെ കൊന്നത് സ്വര്‍ണം മോഷ്ടിക്കാന്‍

മുല്ലൂര്‍ പനവിളത്തോട്ടം ആലുംമൂട് വീട്ടില്‍ ശാന്തകുമാരിയെ(71) അയല്‍വാസി സ്ത്രീയും മകനും ആണ്‍ സുഹൃത്തും ചേര്‍ന്ന് വെള്ളിയാഴ്ച കൊലപ്പെടുത്തി വീട്ടിലെ തട്ടില്‍ ഒളിപ്പിച്ചതിന് പിന്നില്‍ സ്വര്‍ണാഭരണം തട്ടിയെടുക്കാനുള്ള ആസൂത്രണമായിരുന്നെന്ന് പൊലീസ്. ഒറ്റയ്ക്ക് താമസിച്ചിരുന്ന ഇവരെ വിളിച്ചുവരുത്തി കൊലപ്പെടുത്തി ഏഴരപ്പവന്‍ കവരുകയായിരുന്നു.

സംഭവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം ടൗണ്‍ഷിപ്പ് സ്വദേശി റഫീഖാ ബീവി (50) ഇവരുടെ സുഹൃത്തും പാലക്കാട് സ്വദേശിയുമായ അല്‍ അമീന്‍(26), റഫീക്കയുടെ മകന്‍ ഷഫീക്ക്(23) എന്നിവരെ കഴക്കൂട്ടത്ത് നിന്ന് വെള്ളിയാഴ്ച രാത്രി തന്നെ വിഴിഞ്ഞം പൊലീസ് പിടികൂടിയിരുന്നു. ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ വീടിന്റെ മേല്‍ക്കൂര ഇന്നലെ രാവിലെ അഗ്നിരക്ഷാസേനയുടെ സഹായത്തോടെ പൊളിച്ചാണ് ശാന്തകുമാരിയുടെ മൃതദേഹം പുറത്തെടുത്തത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പ്രതികള്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവിടെ.

പൊലീസ് പറയുന്നത്: വെള്ളിയാഴ്ച്ച രാവിലെ പത്തരയോടെ ശാന്തകുമാരിയെ പ്രതികള്‍ വീട്ടിലേക്ക് വിളിച്ച്‌ വരുത്തി. സംസാരിച്ചു നില്‍ക്കേ ഷഫീക്കും അല്‍ അമീനും പിന്നിലൂടെ എത്തി ഷാള്‍ ഉപയോഗിച്ച്‌ ശാന്തകുമാരിയുടെ കഴുത്തില്‍ മുറുക്കി. ശാന്തകുമാരി ഉടുത്തിരുന്ന സാരിയുടെ തുമ്ബ് ശബ്ദം പുറത്തുവരാതിരിക്കാന്‍ വായില്‍ തിരുകി. ഈ സമയം റഫീഖാബീവി ശാന്തകുമാരിയുടെ തലയിലും നെറുകയിലും ചുറ്റികകൊണ്ട് ശക്തിയായി അടിച്ചു.

പിടഞ്ഞുവീണ ശാന്തകുമാരിയുടെ സ്വര്‍ണമാലയും രണ്ട് വളകളും കമ്മലും മോതിരവുമടക്കം ഏഴരപ്പവന്‍ കവര്‍ന്നു. ശാന്തകുമാരിയുടെ ശരീരമാകെ സാരി ചുറ്റി വലിച്ച്‌ തട്ടിനു മുകളിലെത്തിച്ചു. തുടര്‍ന്ന് താക്കോല്‍ വാതിലില്‍ തന്നെ വച്ച്‌ ഓട്ടോറിക്ഷയില്‍ വിഴിഞ്ഞത്തെത്തി. ആഭരണങ്ങളില്‍ കുറച്ചു ഭാഗം 45, 000 രൂപയ്ക്ക് വിറ്റ ശേഷം രക്ഷപ്പെടുകയായിരുന്നു.

വീട്ടുടമയുടെ മകന്‍ വൈകിട്ട് ഇവിടെ വന്നപ്പോള്‍ വാതിലില്‍ താക്കോല്‍ കണ്ട് വിളിച്ചു നോട്ടിയിട്ടും അനക്കമില്ലാത്തതിനാല്‍ തുറന്ന് നോക്കി. തട്ടിന് മുകളില്‍ നിന്ന് രക്തം വാര്‍ന്നു വീഴുന്നതും രണ്ട് കാലുകളും ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാരെയും വിഴിഞ്ഞം പൊലീസിനെയും അറിയിക്കുകയായിരുന്നു.

പ്രതികളിലൊരാളുടെ മൊബൈല്‍ നമ്ബര്‍ ശേഖരിച്ച്‌ പൊലീസ് അന്വേഷണമാരംഭിച്ചു. കോഴിക്കോട്ടേക്കുള്ള ബസില്‍ ഇവര്‍ സഞ്ചരിക്കുന്നത് മനസിലാക്കി ഇവരെ പിന്‍തുടര്‍ന്ന് കഴക്കൂട്ടത്ത് വച്ച്‌ പിടികൂടുകയായിരുന്നു.

റഫീഖാ ബീവിയും ആണ്‍ സുഹൃത്തും തമ്മില്‍ ഒരാഴ്ചയ്ക്കു മുന്‍പ് വീട്ടില്‍ വച്ച്‌ വഴക്കുണ്ടാകുകയും വാതിലുകളും ഫര്‍ണിച്ചറുകളും അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വീട് ഒഴിയാന്‍ ആവശ്യപ്പെട്ടെന്ന് വീട്ടുടമയുടെ മകന്‍ പറഞ്ഞു.

പരേതനായ നാഗപ്പപ്പണിക്കരുടെ ഭാര്യയാണ് ശാന്തകുമാരി. മക്കള്‍: സനല്‍കുമാര്‍, ശിവകല. ഇന്ന് പോസ്റ്റമോര്‍ട്ടത്തിന് ശേഷം മുട്ടത്തറ മോക്ഷകവാടത്തില്‍ സംസ്‌കരിക്കും.