ദുബൈ: ജുമൈറയില്‍ സ്ഥിതിചെയ്യുന്ന യു.എ.ഇയുടെ അഭിമാനസ്തംഭങ്ങളിലൊന്നായ ബുര്‍ജ് അല്‍ അറബ് ലോകത്തെ ഏറ്റവും മനോഹരമായ പഞ്ചനക്ഷത്ര ഹോട്ടലാണെന്ന് പുതിയ സര്‍വേ.
മാലദ്വീപ് കടലിലെ മനോഹര ഹോട്ടലായ സോനേവ ജാനിയെയും ലാസ് വെഗാസിന്റെ ബെല്ലാഗിയോയെയും പിന്തള്ളിയാണ് ബുര്‍ജ് അല്‍ അറബ് നേട്ടം സ്വന്തമാക്കിയത്.
ഇന്‍സ്റ്റഗ്രാം വിവരങ്ങള്‍ ഉപയോഗിച്ചാണ് സര്‍വേ പൂര്‍ത്തിയാക്കിയത്. ലോകത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളുമായി ബന്ധപ്പെട്ട ഒരു കോടി ഇന്‍സ്റ്റഗ്രാം ഹാഷ്ടാഗുകള്‍ പരിശോധിച്ചാണ് ബ്രിട്ടന് ആസ്ഥാനമായ വെബ്സൈറ്റ് സര്‍വേ തയാറാക്കിയത്. ഏറ്റവും കൂടുതല്‍ ഹാഷ്ടാഗുകള്‍ ലഭിച്ച ഹോട്ടലുകളുടെ ക്രമത്തിലാണ് പട്ടിക തയാറാക്കിയത്. 24 ലക്ഷത്തിലേറെ പേരാണ് ബുര്‍ജ് അല്‍ അറബിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
ഔദ്യോഗികമായി പഞ്ചനക്ഷത്ര ഹോട്ടലെന്നാണ് അറിയപ്പെടുന്നതെങ്കിലും ‘സെവന് സ്റ്റാര്‍’ ഹോട്ടലെന്ന ഖ്യാതി നേരത്തെ ബുര്‍ജ് അല്‍ അറബിനുണ്ട്. ദുബൈയിലെ മറ്റു ഹോട്ടലുകളും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ജുമൈറ ബീച്ചില്‍നിന്ന് 280 മീറ്റര്‍ അകന്ന് കടലില്‍ നിര്‍മിച്ച ദ്വീപിലാണ് ബുര്‍ജ് അല്‍ അറബ് സ്ഥിതിചെയ്യുന്നത്. പായക്കപ്പലിന്റെ രൂപത്തില്‍ നിര്‍മിച്ച കെട്ടിടം അറബ് ലോകത്തിന്റെ നാഗരികതയെയും പൈതൃകത്തെയും അനുസ്മരിപ്പിക്കുന്നതാണ്.