വിസ മെഡിക്കല്‍ പരിശോധനയ്ക്കായുള്ള ബുക്കിംഗിന് വേണ്ടി ആപ്ലിക്കേഷന്‍ പുറത്തിറക്കി സേഹ.

വിസ എടുക്കുന്നതിനും പുതുക്കുന്നതിനും മുന്നോടിയായുള്ള മെഡിക്കല്‍ പരിശോധനയ്ക്ക് ബുക്ക് ചെയ്യാന്‍ വേണ്ടിയാണ് അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹ പുതിയ ആപ്പ് പുറത്തിറക്കിയത്. ആപ്പില്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് നിശ്ചിത സമയത്ത് പ്രസ്തുത കേന്ദ്രത്തില്‍ എത്തണമെന്നാണ് നിര്‍ദ്ദേശം.

പുതിയ ആപ്ലിക്കേഷനിലൂടെ സമയവും പണവും ലാഭിക്കാന്‍ കഴിയും. സേഹ വീസ സ്‌ക്രീനിങ് ആപ് എന്ന പേരില്‍ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പൊതുജനങ്ങള്‍ക്ക് ലോകോത്തര സേവനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് നൂതന സൗകര്യം ഒരുക്കിയതെന്ന് ആംബുലേറ്ററി ഹെല്‍ത്ത്കെയര്‍ സര്‍വീസസ് ചീഫ് ക്ലിനിക്കല്‍ അഫയേഴ്സ് ഓഫിസര്‍ ഡോ. ഒമര്‍ അല്‍ ഹാഷ്മി അറിയിച്ചു. സേഹയുടെ കീഴില്‍ അബുദാബിയിലുള്ള 12 ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് സ്‌ക്രീനിങ് സെന്ററുകളിലും ആപ്പിലൂടെ ബുക്ക് ചെയ്യാം.