കളിയോടക്ക അഥവാ ചീട നമുക്കൊക്കെ പരിചിതമാണല്ലേ?
എന്നാല്‍പ്പിന്നെ ചായക്ക് കൊറിക്കാന്‍ നമുക്ക് ചീട തയാറാക്കിനോക്കിയാലോ?

വേണ്ട ചേരുവകള്‍

1. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്

2. അപ്പംപൊടി – രണ്ടു കപ്പ്

3. വെണ്ണ – ഒരു ചെറിയ സ്പൂണ്‍

4. ബേക്കിങ് സോഡ – കാല്‍ ചെറിയ സ്പൂണ്‍

5. ഉപ്പ്, വെള്ളം – പാകത്തിന്

6. എള്ള് – ഒരു ചെറിയ സ്പൂണ്‍

7. ജീരകം – കാല്‍ ചെറിയ സ്പൂണ്‍

8. വെളിച്ചെണ്ണ – വറുക്കാന്‍ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ചീനച്ചട്ടി ചെറുതീയില്‍ വച്ച്‌, തേങ്ങ ചേര്‍ത്തു വെള്ളമയം മുഴുവനും വലിയുന്നതു വരെ ഇളക്കുക. തേങ്ങയുടെ വെള്ളനിറം നഷ്ടപ്പെടരുത്. അപ്പംപൊടി ഒരു വലിയ പാത്രത്തിലേക്ക് ഇടഞ്ഞ്, വെണ്ണയും സോഡാപ്പൊടിയും ചേര്‍ത്തു പുട്ടിനെന്ന പോലെ നനയ്ക്കുക.

ഇതിലേക്കു പാകത്തിനുപ്പും വെള്ളവും ചേര്‍ത്തു നന്നായി തേച്ചു കുഴയ്ക്കണം. എള്ളും ജീരകവും ചേര്‍ത്തു വീണ്ടും കുഴയ്ക്കണം. പിന്നീട് തേങ്ങ ചുരണ്ടിയതും ചേര്‍ത്തിളക്കി നന്നായി യോജിപ്പിക്കുക. ഈ മാവില്‍ നിന്നും ചെറിയ നെല്ലിക്ക വലുപ്പത്തില്‍ മാവെടുത്ത് അധികം ബലം കൊടുക്കാതെ ഉരുട്ടണം. ചൂടായ വെളിച്ചെണ്ണയില്‍ അല്‍പാല്‍പം വീതം ഇട്ട് ചെറുതീയില്‍ വറുത്തു കോരുക.