ഈ വര്‍ഷം നിങ്ങള്‍ ആരോഗ്യത്തില്‍ (Health) ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ജീവിതശൈലിയില്‍ (Lifestyle) ചില മാറ്റങ്ങള്‍ വരുത്തേണ്ടത് അനിവാര്യമാണ്.
അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ചായ അല്ലെങ്കില്‍ കാപ്പി പോലുള്ള പാനീയങ്ങളില്‍ പഞ്ചസാരയുടെ അളവ് (Sugar Intake) കുറയ്ക്കുക എന്നത്. പഞ്ചസാര നിങ്ങളുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. പക്ഷേ ദിവസവും പഞ്ചസാര കഴിക്കുന്നത് ഒഴിവാക്കാന്‍ പലര്‍ക്കും ഇപ്പോഴും ബുദ്ധിമുട്ടാണ്.

പഞ്ചസാര ചേര്‍ക്കുന്നത് ചൂടുള്ള പാനീയങ്ങള്‍ (Hot Beverages) കുറഞ്ഞ സമയത്തിനുള്ളില്‍ കുടിച്ചു തീര്‍ക്കാന്‍ സഹായിക്കുന്നു. അതില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര രക്തത്തില്‍ പെട്ടെന്ന് ആഗിരണം ചെയ്യപ്പെടുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവിന് ഒരു ബ്രേക്ക് പോയിന്റ് ഉണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. അതിനാല്‍, പഞ്ചസാരയുടെ അളവ് കൂടിയാല്‍ അത് ശരീരത്തിന് കുറയ്‌ക്കേണ്ടതുണ്ട്. ഇതിനായി, പാന്‍ക്രിയാസ് വലിയ അളവില്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ദ്രുതഗതിയിലുണ്ടാകുന്ന വര്‍ദ്ധനവും കുറവും നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ്. കൂടാതെ ഇത് കുടല്‍, കരള്‍, പാന്‍ക്രിയാസ് എന്നിവയില്‍ കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു.

നിങ്ങളുടെ പാനീയങ്ങളില്‍ മധുരം ചേര്‍ക്കുന്നതിനുള്ള ഇതരമാര്‍ഗങ്ങള്‍

നിങ്ങള്‍ക്ക് ചായയോ കാപ്പിയോ ഒക്കെ മധുരത്തോടെയേ കഴിക്കാനാകൂ എന്നാണെങ്കില്‍, വലിയ പരിശ്രമമില്ലാതെ ഭക്ഷണത്തില്‍ നിന്ന് കലോറിയുടെ അളവ് കുറയ്ക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്.

– കറുവപ്പട്ട (Cinnamon): പാനീയങ്ങളില്‍ ഈ സുഗന്ധവ്യഞ്ജനം ചേര്‍ക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. അതേസമയം പാനീയത്തിന് അല്‍പ്പം മധുരം നല്‍കുകയും ചെയ്യുന്നു. ഇത് നമുക്കെല്ലാവര്‍ക്കും ഉപയോഗിക്കാം. രുചിയില്‍ എന്തെങ്കിലും മാറ്റം വേണമെങ്കില്‍ ജാതിക്കയോ ഏലക്കയോ ഉപയോഗിക്കുക.

– കൊക്കോ പൗഡര്‍ (Cocoa Powder): കൊക്കോയില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. അത് പാനീയത്തെ കൂടുതല്‍ സമ്ബുഷ്ടമാക്കും. ഇത് നിങ്ങള്‍ക്ക് ചെറിയ അളവില്‍ കാപ്പിയില്‍ ചേര്‍ക്കാം.

– ബദാം എക്‌സ്ട്രാക്റ്റ് അല്ലെങ്കില്‍ വാനില എക്‌സ്ട്രാക്റ്റ് (Almond extract or Vanilla extract) – ഈ എക്‌സ്ട്രാക്റ്റുകള്‍ പ്രകൃതിദത്തമായി തന്നെ മധുരമുള്ളവയാണ്. അധികമായി ചേര്‍ക്കുന്ന പഞ്ചസാരയ്ക്കും മറ്റു മധുരകാരികള്‍ക്കും പകരമായി ഇവ ഉപയോഗിക്കാം. ഇവ ഏതാനും തുള്ളി മാത്രം ഉപയോഗിച്ചാല്‍ മതിയാകും.

ഈ ആരോഗ്യകരമായ ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നതോടെ പഞ്ചസാരയോടുള്ള നിങ്ങളുടെ ആസക്തിയും കുറയുന്നു.

അതുപോലെ, പഞ്ചസാരയില്ലാതെ കട്ടന്‍ കാപ്പി കുടിക്കുന്നത് പ്രമേഹരോഗികള്‍ക്ക് ഗുണം ചെയ്യും. ചുരുങ്ങിയ സമയത്തിനുള്ളില്‍ ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, പഞ്ചസാരയില്ലാതെ രണ്ട് കപ്പ് ബ്ലാക്ക് കോഫി ദിവസവും രണ്ട് തവണ കുടിക്കുന്നത് ശരീരത്തിന്റെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കും. ഇത് നിങ്ങളുടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഇത് തലച്ചോറിനെ സജീവമായി നിലനിര്‍ത്താനും സഹായിക്കുന്നു.