ഒരു വെറൈറ്റി ചായപ്പലഹാരമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്, ചീസ് ചിറോട്ട. ചേരുവകളും തയാറാക്കേണ്ട വിധവും ഇതാ…

ചേരുവകള്‍

മൈദ – മൂന്നു കപ്പ്

ചീസ് പൊടിയായി ചുരണ്ടിയത് – കാല്‍ കപ്പ്

വറ്റല്‍മുളക് തരുതരുപ്പായി പൊടിച്ചത് – ഒരു വലിയ സ്പൂണ്‍

നെയ്യ് – രണ്ടു വലിയ സ്പൂണ്‍

വെള്ളം – കുഴയ്ക്കാന്‍ ആവശ്യത്തിന്

ഉപ്പ് – പാകത്തിന്

ഉരുക്കിയ വനസ്പതി – രണ്ടു വലിയ സ്പൂണ്‍

അരിപ്പൊടി – രണ്ടു വലിയ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു ചപ്പാത്തിക്കെന്ന പോലെ കുഴച്ച്‌, എട്ടു ചെറിയ ഉരുളകളാക്കണം. ഓരോ ഉരുളയും മാവു തൂകിയ ചപ്പാത്തിപ്പലകയിലിട്ടു കനം കുറച്ചു പരത്തി മീതെ അല്‍പം വനസ്പതി ഉരുക്കിയതു പുരട്ടണം. ശേഷം കുറച്ച്‌ അരിപ്പൊടി വിതറുക. ബാക്കി ഉരുളകളും ഇതുപോലെ പരത്തണം.

ആദ്യം പരത്തിയ അരിപ്പൊടി വിതറിയ ചപ്പാത്തിയുടെ മുകളില്‍ മറ്റൊരു ചപ്പാത്തി വച്ചു പായ് തെറുക്കുന്നതു പോലെ തെറുക്കുക. ഒരു മൂര്‍ച്ചയുള്ള കത്തികൊണ്ടു കനം കുറച്ചു വട്ടത്തില്‍ മുറിച്ചു, രണ്ടെണ്ണം വീതം ഒരുമിച്ചാക്കി, ഒരു ചപ്പാത്തിക്കോല്‍ കൊണ്ടു വീണ്ടും ഒന്നരയിഞ്ചു വട്ടത്തില്‍ പരത്തുക. നന്നായി ചൂടായ എണ്ണയില്‍ വറുത്തു കോരുക. ടേസ്റ്റിയായ ചീസ് ചിറോട്ട റെഡി.