തിരുവനന്തപുരം; കോവിഡ് സാഹചര്യം ചെറുതായെങ്കിലും നിലനിൽക്കുന്ന സാ​ഹചര്യത്തിൽ സംസ്ഥാനത്ത് ഓണ്‍ലൈന്‍ സംവിധാനങ്ങളെ കുറച്ചുകാലം കൂടി പഠനത്തിനായി ഉപയോ​ഗിക്കേണ്ടി വരുമെന്നും അതിനാൽ ഓണ്‍ലൈന്‍ പഠനം കുട്ടികളുടെ നേത്രാരോഗ്യത്തെ ബാധിക്കുമെന്ന കണ്ടെത്തലുകൾ ഉള്ള സാഹചര്യത്തിൽ നേത്രാരോഗ്യവും ഓണ്‍ലൈന്‍ പഠനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ നിരീക്ഷണങ്ങളും, ഗവേഷണങ്ങളും നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കേരളത്തിലെ നേത്രരോഗ വിദഗ്ധരുടെ സംഘടനയായ കേരള സൊസൈറ്റി ഓഫ് ഒഫ്താല്‍മിക് സര്‍ജന്‍സിന്റെ 48 ാമത് വാര്‍ഷിക സമ്മേളനമായ ‘ദൃഷ്ടി 2021’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഏതൊരു ശാസ്ത്രശാഖയും നിലനില്‍ക്കുക അതു ഗവേഷണങ്ങളിലൂടെ നവീകരിക്കപ്പെടുമ്പോഴാണ്. ആധുനിക വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട ഗവേഷണമേഖലയില്‍ അനുദിനം വലിയ മുന്നേറ്റങ്ങളാണു നടക്കുന്നത്. അത്തരം ഗവേഷണങ്ങളാണ് വസൂരിയും പോളിയോയും ഉള്‍പ്പെടെയുള്ള പല രോഗങ്ങളെയും ചെറുത്തുതോല്‍പ്പിക്കാന്‍ മനുഷ്യ സമൂഹത്തെ സഹായിച്ചത്.

ഗവേഷണങ്ങളിലൂടെ പുതിയ അറിവുകള്‍ വികസിപ്പിക്കുക എന്നതുപോലെ തന്നെ പ്രധാനമാണ് അറിവുകളുടെ കൈമാറ്റവും. എങ്കില്‍ മാത്രമേ സാധാരണക്കാര്‍ക്കു കൂടി ഗവേഷണങ്ങളുടെ ഫലം ലഭ്യമാവുകയുള്ളൂ. ആ നിലയ്ക്കുള്ള പ്രവര്‍ത്തനങ്ങളാണ് ഈ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്നത്. ദേശീയ-അന്തര്‍ദേശീയതലങ്ങളിലെ വിദഗ്ധന്മാരും ഇതില്‍ പങ്കെടുക്കുന്നു. അവരുടെ അറിവുകളെ പൊതുനന്മയ്ക്കായി ലഭ്യമാക്കുക എന്നതാണ് ഈ സമ്മേളനത്തിന്റെ കടമയെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
ദീര്‍ഘമായ ഒരു അടച്ചിടലിനു ശേഷാണ് കുട്ടികള്‍ ഇപ്പോള്‍ സ്‌കൂളുകളിലേക്ക് എത്തിയിരിക്കുന്നത്. എന്നാല്‍ സ്‌കൂളുകള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനക്ഷമമായിട്ടില്ല. അതിനാൽ തന്നെയാണ് ഓണ്‍ലൈന്‍ സംവിധാനങ്ങളെ കുറച്ചുകാലം കൂടി പഠനത്തിനായി ഉപയോഗിക്കേണ്ടിവരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നേത്രാരോഗ്യം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കൂടി ഈ സമ്മേളനത്തില്‍ ഉയര്‍ന്നുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതോടൊപ്പം കുട്ടികളില്‍ കണ്ടുവരുന്ന പ്രിമച്വര്‍ റെറ്റിനോപ്പതി പോലെയുള്ള അസുഖങ്ങളെ എങ്ങനെ നേരിടാം എന്നുള്ള ആലോചനകളും ഉണ്ടാവണം. ആരോഗ്യമുള്ള ഭാവിതലമുറയെ വാര്‍ത്തെടുക്കാനുള്ള വലിയ ഉത്തരവാദിത്വം ഓഫ്താല്‍മോളജിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കുമുണ്ടെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

ആരോഗ്യരംഗത്ത് കേരളം വലിയ മുന്നേറ്റം കൈവരിച്ചിട്ടുണ്ട്. എന്നാല്‍, കേരള സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ഒരു ആരോഗ്യപ്രശ്നം ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ടതാണ്. ഈ കോവിഡ് കാലത്ത് അതിന്റെ തോതു വര്‍ദ്ധിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. മതിയായ വ്യായാമം ലഭിക്കാത്തതും ഭക്ഷണരീതികളില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങളും അതിനു കാരണമായിട്ടുണ്ട്. പ്രമേഹം പോലെയുള്ള ജീവിതശൈലീ രോഗങ്ങള്‍ വളരെ ഗുരുതരമായ നേത്രരോഗങ്ങള്‍ക്കു കാരണമാകും എന്നാണു പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കൃത്യമായ ചികിത്സകൊണ്ട് ഇതിനെ മറികടക്കാം. അക്കാര്യം മുന്‍നിര്‍ത്തി ജനങ്ങളെ ബോധവല്‍ക്കരിക്കാനും രോഗം വരാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും ഇതുപോലെയുള്ള സമ്മേളനങ്ങള്‍ ഉപകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യപ്രവര്‍ത്തകരുടെ ഒരു സംഘടന എന്ന നിലയ്ക്കു വലിയ രീതിയിലുള്ള സാമൂഹ്യ ഉത്തരവാദിത്വവും ഉണ്ട്. അതിന്റെ ഭാഗമായി നിരവധി സെമിനാറുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടന നടത്തുന്നുമുണ്ട്. അതിനുപുറമെ നേത്രദാനത്തിന്റെ മഹത്വം സമൂഹവുമായി പങ്കുവെക്കാനുള്ള പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കുന്നുണ്ട്. ഇവ രണ്ടും മാതൃകാപരമായ ഇടപെടലുകളാണ്. അവയെ കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ഈ സമ്മേളനം ഉപകരിക്കുമെന്നും മുഖ്യമന്ത്രി പ്രത്യാശിച്ചു.

ഡോ.ബാബു കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പുതിയ സംസ്ഥാന പ്രസിഡന്റ് ഡോ. അരൂപ് ചക്രവർത്തി, മുഖ്യാതിഥി ഡോ. തോമസ് മാത്യു ( ജോ. ഡിഎംഇ), ഓർ​ഗനൈസിം​ഗ് കമ്മിറ്റി ചെയർമാൻ ഡോ. വി. സഹസ്രനാമം, സെക്രട്ടറി ഡോ. ബിജു ജോൺ തുടങ്ങിയവർ പ്രസം​ഗിച്ചു.
കോവിഡ് പൂർണമായും വിട്ടുമാറാത്ത സാഹചര്യത്തിൽ 1500 ഓളം ഉള്ള പ്രതിനിധികളെ പൂർണ്ണായും തലസ്ഥാനത്ത് എത്തിക്കാതെ ഓൺലൈനായും, ഓഫ് ലൈനുമായാണ് സമ്മേളനം നടക്കുക .

നേത്ര ചികിത്സയുടെ എല്ലാ ശാസ്ത്ര വിഭാഗങ്ങളെ കുറിച്ചും വിശദമായ ചർച്ചകളും , അപഗ്രഥനങ്ങളും നടക്കുന്ന ഈ ത്രിദിന സമ്മേളനം ഞാറാഴ്ച (നവംബർ 28 ന്) സമാപിക്കും.

ഫോട്ടോ കാപ്ഷൻ; കേരളത്തിലെ നേത്രരോഗ വിദഗ്ധരുടെ സംഘടനയായ കേരള സൊസൈറ്റി ഓഫ് ഒഫ്താല്‍മിക് സര്‍ജന്‍സിന്റെ 48 ാമത് വാര്‍ഷിക സമ്മേളനത്തിൽ നിന്നും. മുഖ്യമന്ത്രി പിണറായി വിജയൻ വെർച്വൽ ആയി സമ്മേളനം ഉദ്ഘാടനം ചെയ്തു.