ഇന്ത്യക്കെതിരായ അവസാന ടി20യില്‍ ന്യൂസിലന്‍ഡിന് 185 വിജയലക്ഷ്യം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 184 റണ്‍സെടുത്തത്. രോഹിത് ശര്‍മയാണ് (56) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മിച്ചല്‍ സാന്റ്‌നര്‍ കിവീസിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി.

9 റൺസെടുത്ത് ഇഷാൻ കിഷൻ കളം വിട്ടപ്പോൾ പ്രതീക്ഷയോടെ എത്തിയ സൂര്യകുമാർ യാദവ് (0), റിഷഭ് പന്ത് (4) എന്നിവർ നിരാശരാക്കി. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ ശ്രേയസ് അയ്യറും വെങ്കിടേഷ് അയ്യരും ചേർന്ന് പൊരുതിയപ്പോൾ ഇന്ത്യ കളി വീണ്ടെടുത്തു. ശ്രേയസ് 25ഉം വെങ്കടേഷ് 20 റൺസും നേടി. ഇരുവരും 36 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ശ്രയസിനെ ആഡം മില്‍നേയും വെങ്കടേഷിനെ ട്രന്റ് ബോള്‍ട്ടും മടക്കിയയച്ചു. അവസാന ഓവറുകളില്‍ ഹര്‍ഷല്‍ പട്ടേല്‍ (11 പന്തില്‍ 18), ദീപക് ചാഹര്‍ (8 പന്തില്‍ 21) പുറത്തെടുത്ത പ്രകടനമാണ് സ്‌കോര്‍ 180 കടത്തിയത്.

നാല് ഓവറിൽ 27 റൺസ് വഴങ്ങി സാന്റനർ മൂന്ന് വിക്കറ്റ് വീഴ്ത്തി. ട്രെന്റ് ബോൾട്ട്, ആദം മിലിൻ, ലോക്കി ഫെർഗൂസൺ, ഇഷ് സോദി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യയാണ് ജയിച്ചത്. തൂത്തുവാരുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം