വാഷിംഗ്ടണ്‍ ഡി‌.സി: അമേരിക്കയിലെ കത്തോലിക്ക സഭ ഉപയോഗിക്കുന്ന ആരാധനക്രമ കലണ്ടറിൽ കൊല്‍ക്കത്തയിലെ മദർ തെരേസയുടെ തിരുനാൾ ദിനം കൂടി ഉൾപ്പെടുത്താൻ അമേരിക്കൻ മെത്രാൻ സമിതിയുടെ തീരുമാനം. ബാൾട്ടിമോറിൽ ചേർന്ന വാർഷിക സമ്മേളനത്തിലാണ് മദർ തെരേസ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട സെപ്തംബർ അഞ്ചാം തീയതി വിശുദ്ധ കുർബാനയിൽ സ്മരണ ദിവസമായി ആചരിക്കാൻ മെത്രാൻ സമിതിയിലെ അംഗങ്ങൾ തീരുമാനമെടുത്തത്. 213 അംഗങ്ങൾ ഇതിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ എതിർ വോട്ടുകൾ ഒന്നും ഉണ്ടായില്ല.

‘ഓപ്ഷണൽ മെമ്മോറിയൽ’ എന്ന രീതിയിൽ ആയിരിക്കും തിരുനാൾ ദിവസം ആരാധന കലണ്ടറിൽ ഉൾപ്പെടുത്തുക. വത്തിക്കാന്റെ വിശ്വാസ തിരുസംഘം അംഗീകാരം നൽകിയാൽ മാത്രമേ ഔദ്യോഗികമായി തിരുനാൾ ദിവസം കലണ്ടറിൽ ഉൾപ്പെടുത്താൻ സാധിക്കുകയുള്ളൂ. മദർ തെരേസ പറഞ്ഞ വാചകങ്ങൾ താൻ പ്രബോധനങ്ങളിലും, പ്രസംഗങ്ങളിലും ഉൾപ്പെടുത്താറുണ്ടെന്നും, അവ ഹൃദയങ്ങളെ സ്പർശിക്കാൻ തക്കവിധത്തിൽ ശക്തമായവയാണെന്നും വോട്ടെടുപ്പിന് മുമ്പ് ഗ്രീൻ ബേ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് ഡേവിഡ് റിക്കൻ പറഞ്ഞു.

ഭാരതത്തിലെ ദയനീയ അവസ്ഥ അറിഞ്ഞു തന്റെ ജീവിതം ദരിദ്രരായ സമൂഹത്തോടൊപ്പം സമര്‍പ്പിച്ച വിശുദ്ധ മദർ തെരേസയുടെ സേവന ചൈതന്യം അന്നും ഇന്നും ഏറെ പ്രസിദ്ധമാണ്. എയിഡ്സ് രോഗികളെ അടക്കം പരിചരിക്കാനും, അനാഥർക്ക് ആശ്രയം നൽകാനും വിശുദ്ധ രൂപം നല്‍കിയ മിഷ്ണറീസ് ഓഫ് ചാരിറ്റി സമൂഹം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 500 ഇടങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. 1979ൽ നിസ്വാർത്ഥ പ്രവർത്തനങ്ങൾക്ക് മദർ തെരേസക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. മാസിഡോണിയയിൽ ജനിച്ച മദർ തെരേസയെ 1996ൽ ഹോണററി പൗരത്വം നൽകി അമേരിക്കയും ആദരിച്ചിരുന്നു. ഏഴ് പേർക്ക് മാത്രമാണ് അമേരിക്ക ഈ പദവി നൽകിയിട്ടുള്ളത്. 1997ൽ മരണമടഞ്ഞ മദർ തെരേസയെ 2016 സെപ്റ്റംബർ നാലാം തീയതിയാണ് ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയത്.