മദ്ധ്യപ്രദേശിലെ ഗോത്രവർഗ്ഗക്കാരായ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. ജില്ലയിലെ 560ഓളം വനവാസിക്കുട്ടികളുടെ വിദ്യാഭ്യാസ ചെലവാണ് താരം ഏറ്റെടുത്തത്. 2013 നവംബറിലാണ് അദ്ദേഹം ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നത്. ഇന്നലെ എട്ട് വർഷം പിന്നിടുകയായിരുന്നു. ഈ സാഹചര്യത്തിൽ മദ്ധ്യപ്രദേശിലെ ഇൻഡോറിലെ ഒരു ഗ്രാമത്തിൽ അദ്ദേഹം എത്തിയിരുന്നു. അപ്പോഴാണ് ഒരു എൻജിഒയുമായി സഹകരിച്ച് കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുന്നതായി താരം അറിയിക്കുന്നത്.

പരിവാർ എജ്യൂക്കേഷൻ സൊസ്സൈറ്റി എന്ന എൻജിഒയുമായി സഹകരിച്ചാണ് സച്ചിന്റെ സേവനം. സെഹോർ ജില്ലയിൽ സർവ്വീസ് കോട്ടേജുകൾ സ്ഥാപിക്കുമെന്നും സച്ചിൻ അറിയിച്ചു. അച്ഛന്റെ സ്വപ്‌നങ്ങളെ ഓർത്ത് സച്ചിൻ വളരെ വികാരാധീനനായി. പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വേണ്ടി എന്തെങ്കിലും ചെയ്യണമെന്നായിരുന്നു തന്റെ അച്ഛന്റെ ആഗ്രഹമെന്ന് സച്ചിൻ പറഞ്ഞു. അതുകൊണ്ട് അച്ഛന്റെ സ്വപ്‌നം സാക്ഷാത്കരിക്കാനാണ് ഇവിടെയെത്തിയതെന്നും സച്ചിൻ കൂട്ടിച്ചേർത്തു. ഇന്നലെ മദ്ധ്യപ്രദേശിലെത്തിയ സച്ചിൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായും സച്ചിൻ കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു.

പരിവാർ എൻജിഒയുമായി സഹകരിച്ച് തന്റെ ഫൗണ്ടേഷൻ നിർമ്മിക്കുന്ന സിസ്റ്റർ നിവേദിത സ്‌കൂളിലും ഹോസ്റ്റലിലും സച്ചിൻ സന്ദർശനം നടത്തി. സെഹോർ ജില്ലയിലെ ഗ്രാമങ്ങളായ സെവാനിയ, ബീൽപതി, ഖാര, നയപുര, ജുമൻ ജീൽ എന്നിവിടങ്ങളിലെ ഗോത്രവിഭാഗക്കാരായ കുട്ടികളുടെ പഠന ചെലവ് സച്ചിനാണ് ഏറ്റെടുത്ത് നടത്തുന്നത്. ജില്ലയിലെ 42 ഗ്രാമങ്ങളിൽ സച്ചിൻ ഇതിനായി സേവാകുടീരം നിർമ്മിച്ചിട്ടുണ്ട്. ഇതിൽ ദേവാസ്, സെവാനിയ ഗ്രാമങ്ങളിലെ കുട്ടികളെ കാണാനും സച്ചിൻ ഇന്നലെ എത്തിയിരുന്നു.