ഡല്‍ഹി: എസ്ആര്‍എസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ അനില്‍ ജിന്‍ഡാല്‍, ഡയറക്ടര്‍മാരായ ജിതേന്ദര്‍ കുമാര്‍ ഗാര്‍ഗ്, പ്രവീണ്‍ കുമാര്‍ കപൂര്‍, വിനോദ് ജിന്‍ഡാല്‍ എന്നിവരുള്‍പ്പെടെ 19 പ്രതികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രോസിക്യൂഷന്‍ പരാതി നല്‍കി. നിക്ഷേപകരില്‍ നിന്ന് പണം വാങ്ങി വഞ്ചിച്ചെന്ന കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ (പിഎംഎല്‍എ) പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇഡിയുടെ കുറ്റപത്രം ഗുരുഗ്രാം കോടതി പരിഗണിച്ചു. പ്രതികള്‍ക്കെതിരെ ഫരീദാബാദിലെയും ഡല്‍ഹിയിലെയും വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത 81 എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണം ആരംഭിച്ചത്. ഫ്ളാറ്റുകളും വാണിജ്യ സ്ഥലങ്ങളും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിരപരാധികളായ നിക്ഷേപകരെ പ്രതികള്‍ കബളിപ്പിച്ചതായി ഇഡി കുറ്റപത്രത്തില്‍ ആരോപിച്ചു. എന്നാല്‍ ഈ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു.
‘കൂടാതെ, ബാങ്കുകളില്‍ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പ ലഭിക്കുന്നതിന് റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ പണയപ്പെടുത്തി. എന്നിരുന്നാലും, വായ്പകള്‍ ഈ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതില്‍ വീഴ്ച്ചവരുത്തുകയും, ഒടുവില്‍ നിഷ്‌ക്രിയ ആസ്തികളായി മാറുകയും ചെയ്തു’ഇഡി പറഞ്ഞു
ഉയര്‍ന്ന പലിശയോ ആഭരണങ്ങളോ ലഭിക്കുമെന്ന് വാഗ്ദാനം നല്‍കിയാണ് എസ്ആര്‍എസ് ഗ്രൂപ്പ് പോണ്‍സി സ്‌കീമുകളില്‍ നിക്ഷേപിക്കാന്‍ നിക്ഷേപകരെ നിര്‍ബന്ധിച്ചത്.അത്തരം നിക്ഷേപങ്ങളുടെ പലിശ ഏതാനും മാസത്തേക്ക് മാത്രം നല്‍കുകയും പിന്നീട്, പ്രതികള്‍ നിക്ഷേപകര്‍ക്ക് പോസ്റ്റ്-ഡേറ്റഡ് ചെക്കുകള്‍ നല്‍കുകയും ചെയ്തു എന്നാല്‍ അത് മടങ്ങുകയായിരുന്നു.
നിക്ഷേപകരില്‍ നിന്നും സമാഹരിച്ച ഫണ്ടുകള്‍ എസ്ആര്‍എസ് ഗ്രൂപ്പ് സൃഷ്ടിച്ച നിരവധി ഷെല്‍ കമ്പനികളില്‍ നിക്ഷേപിക്കുകയും പിന്നീട് അവരുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ പേരില്‍ ഈ ആസ്തികള്‍ തട്ടിയെടുക്കാനും ശ്രമിക്കുകയായിരുന്നു. കേസില്‍ ഇതുവരെ 2215.98 കോടി രൂപയുടെ കുറ്റകൃത്യങ്ങളാണ് കണ്ടെത്തിയിട്ടുളളത്. ‘ഇഡി കൂട്ടിച്ചേര്‍ത്തു.കേസില്‍ ഇഡി നേരത്തെ 2,045 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു.



