തിരുവനന്തപുരം: കൊവിഡ് മഹാമാരി മൂലം തൊഴില്‍ നഷ്ടപ്പെട്ടവരും തിരിച്ചെത്തിയവരുമായ പ്രവാസികള്‍ക്കായി നോര്‍ക്ക നടപ്പാക്കുന്ന സമഗ്ര പുനരധിവാസ പദ്ധതിയുടെ ഭാഗമായ നോര്‍ക്ക പ്രവാസി – ഭദ്രത മൈക്രോ പദ്ധതിക്ക് നാളെ തുടക്കം .

5 ലക്ഷം രൂപ വരെ സ്വയംതൊഴില്‍ വായ്‍പ ലഭ്യമാക്കുന്ന ഈ പദ്ധതി കെ.എസ്.എഫ്.ഇ വഴിയാണ് നടപ്പാക്കുന്നത്. ഉച്ചക്ക് ഒന്നിന് മാസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പദ്ധതി ഉദ്ഘാടനം ചെയ്യും.

പദ്ധതി തുകയുടെ 25 ശതമാനം പരമാവധി ഒരു ലക്ഷം രൂപ വരെ മൂലധന സബ്‍സിഡി ലഭിക്കും . കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് ആദ്യ നാലു വര്‍ഷം മൂന്നു ശതമാനം പലിശ സബ്‍സിഡിയും ലഭിക്കും.കെ.എസ്.എഫ്.ഇയുടെ സംസ്ഥാനത്തെ അറുന്നൂറിലധികം ശാഖകള്‍ വഴി പവാസി ഭദ്രത മൈക്രോ പദ്ധതിക്കായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

കേരളാ ബാങ്ക് അടക്കമുള്ള വിവിധ സഹകരണസ്ഥാപനങ്ങള്‍, പ്രവാസി കോഓപ്പറേറ്റീവ്‌ സൊസൈറ്റികള്‍, മറ്റ് ദേശസാത്കൃത ബാങ്കുകള്‍ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങള്‍ വഴി പ്രവാസി ഭദ്രത – മൈക്രോ പദ്ധതി വിപുലമാക്കാനും ലക്ഷ്യമിട്ടുണ്ട്. മഹാമാരിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ പ്രവാസികള്‍ക്കായി നോര്‍ക്ക വഴി സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന തുടര്‍ച്ചയായുള്ള രണ്ടാമത്തെ സംരഭകത്വ സഹായ പദ്ധതിയാണിത്.