പോഗ്യാംഗ്: അന്തര്‍വാഹിനിയില്‍ നിന്ന് തൊടുക്കാവുന്ന ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ഉത്തരകൊറിയ. രണ്ടു വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ഇത്തരം ആയുധം പരീക്ഷിക്കുന്നതെന്നും സമുദ്രാന്തര സൈനിക നീക്കങ്ങള്‍ക്ക് ഇത് ശക്തി പകരുമെന്നും ഉത്തരകൊറിയ അറിയിച്ചു. പരീക്ഷണത്തിന്റെ ചിത്രങ്ങളും ഉത്തരകൊറിയ പുറത്തുവിട്ടു. മിസൈല്‍ ജപ്പാന്‍ കടലില്‍ പതിച്ചതായി ദക്ഷിണ കൊറിയന്‍ സൈനികവൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

കിഴക്കന്‍ തുറമുഖനഗരമായ സിന്‍പോയ്ക്കു സമീപം കടലില്‍ നിന്നാണ് മിസൈല്‍ തൊടുത്തത്. ഉത്തര കൊറിയയ്ക്ക് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്ന വമ്ബന്‍ കപ്പല്‍ശാല സ്ഥിതിചെയ്യുന്നത് സിന്‍പോയിലാണ്.

ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ഉത്തരകൊറിയ ഇത്രയും സുപ്രധാനമായ പരീക്ഷണം നടത്തുന്നത് ആദ്യമായാണ്. ഉത്തരകൊറിയയുമായി ആണവ ചര്‍ച്ച പുനരാരംഭിക്കാന്‍ തയ്യാറാണെന്ന്​ അമേരിക്ക അറിയിച്ചതിനു പിന്നാലെയാണിതെന്ന പ്രത്യേകതയുമുണ്ട്​. ഉത്തരകൊറിയയ്‌ക്കെതിരായ അന്താരാഷ്ട്ര ഉപരോധം, അമേരിക്ക – ദക്ഷിണകൊറിയ സംയുക്ത സൈനികാഭ്യാസം എന്നിവ ഒഴിവാക്കുന്നതിന് അമേരിക്കയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ഉത്തരകൊറിയയുടെ ലക്ഷ്യമെന്നാണ് പ്രതിരോധ വിദഗ്ദ്ധരുടെ അഭിപ്രായം.

 ഇത് അഞ്ചാം തവണ
സെപ്തംബറിന് ശേഷം അഞ്ചാം തവണയാണ് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തുന്നത്. ട്രെയിനില്‍ നിന്നു വിക്ഷേപിക്കാവുന്ന ഹൈപ്പര്‍ സോണിക് ബാലിസ്റ്റിക് മിസൈലും ക്രൂസ് മിസൈലും പരീക്ഷിച്ചിരുന്നു.